അഹമ്മദാബാദ്: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ജി.എൽ.സിംഗാൾ ഐപിഎസ്, റിട്ടയേർഡ് ഡിവൈഎസ്പി തരുൺ ബാരോട്ട്, എഎസ്ഐ അനജു ചൗധരി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നില്ല, ഇസ്രത്ത് ജഹാന് ഉള്‍പ്പെടെയുള്ളവര്‍ ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി മൂന്ന് പ്രതികളെ കൂടി വെറുതെ വിട്ടത്.
മുബൈയിലെ കോളജ് വിദ്യാർത്ഥിനിയായ ഇസ്രത്ത് ജഹാൻ കൊല്ലപ്പെടുമ്പോൾ 19 വയസ്സായിരുന്നു. മലയാളിയായ പ്രാണേഷ് കുമാർ എന്ന ജാവേദ് ഷെയ്ഖ് എന്ന സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് 2004 ജൂൺ 15 ന് അഹമ്മദാബാദിൽ വച്ച് കൊല്ലപ്പെടുന്നത്. അംജദ് അലി അക്ബറലി റാണ, സീഷാൻ ജോഹർ എന്നീ പാക്കിസ്ഥാൻ പൗരന്മാരും ഇവർക്കൊപ്പം ഉണ്ടായിരുന്നതായും ആരോപണം ഉയർന്നിരുന്നു.
തന്റെ മകനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ജാവേദ് ഷെയ്ഖിന്റെ അച്ഛൻ ഗോപിനാഥ പിള്ള വർഷങ്ങൾ നീണ്ട നിയമ പോരാട്ടം നടത്തി. പിന്നീട് ദുരൂഹമായ റോഡപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.