ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ​ ഏറ്റുമുട്ടൽ കേസിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരായ ഡി.ജി.വൻസാരയും എൻ.കെ.അമിനും നൽകിയ അപേക്ഷ സിബിഐ​ പ്രത്യേക കോടതി തള്ളി. ഗുജറാത്ത് പൊലീസും ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും ചേർന്ന് ആസുത്രണം ചെയ്ത നാടകമായിരുന്നു ആ ഏറ്റുമുട്ടൽ കൊല എന്നായിരുന്നു ആരോപണം. ഗുജറാത്തിലെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്ന പി.പി.പാണ്ഡെയെ ഈ കേസിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ഇരുവരും ഈ​ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

മുബൈയിലെ കോളജ് വിദ്യാർത്ഥിനിയായ ഇസ്രത്ത് ജഹാൻ കൊല്ലപ്പെടുമ്പോൾ പത്തൊമ്പത് വയസ്സായിരുന്നു. മലയാളിയായ പ്രാണേഷ് കുമാർ എന്ന ജവാദ് ഷെയ്ഖ് എന്ന സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് 2004 ജൂൺ 15 ന് അഹമ്മദാബാദിൽ വച്ച് കൊല്ലപ്പെടുന്നത്. അംജദ് അലി അക്ബറലി റാണ, സീഷാൻ ജോഹർ എന്നീ പാക്കിസ്ഥാൻ പൗരന്മാരും ഇവർക്കൊപ്പം ഉണ്ടായിരുന്നതായും ആരോപണം ഉയർന്നിരുന്നു. തന്റെ മകനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ജാവേദ് ഷെയ്ഖിന്റെ അച്ഛൻ ഗോപിനാഥ പിള്ള വർഷങ്ങൾ നീണ്ട നിയമ പോരാട്ടം നടത്തി. ദുരൂഹമായ റോഡപകടത്തിൽ​ അദ്ദേഹം  മരണമടഞ്ഞു.

വൻസാരയുടെയും അമിന്റെയും ഈ​ കേസിലെ പങ്ക് വിരമിച്ച ഡിജിപിയുടേതിനേക്കാൾ വലുതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും അപേക്ഷ തളളിയത്.

ഈ രണ്ട് മുൻ ഓഫീസർമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാറിന്റെ അനുമതി വേണമോ വേണ്ടയോഎന്ന കാര്യം സിബിഐയോട് കോടതി ആരാഞ്ഞിരുന്നു. ഒരു ഗവണമെന്റ് ഉദ്യോഗസ്ഥനെ പ്രോസ്റ്റിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക്, സി ആർ പി സി സെക്ഷൻ 197 പ്രകാരം അനുമതി ലഭിക്കുന്നില്ലെങ്കിൽ ആ വിവരം കോടതിയെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സിബിഐ ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റിന്റെ അനുമതി തേടിയിരുന്നില്ല.

കുറ്റാരോപിതരായ നാലു ഐബി ഉദ്യോഗസ്ഥരുടെ പ്രോസിക്യൂഷന് വേണ്ടി ഏജൻസി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദം തേടിയിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. മുൻ സ്പെഷ്യൽ ഡയറക്ടർ രജീന്ദർ കുമാറടക്കം നാല് ഇന്റലിജൻസ് ബ്യൂറോ ഓഫീസർമാർക്കെതിരെ 2014 ൽ കുറ്റപത്രം നൽകിയിരുന്നു.

മുൻ യുപിഎ സർക്കാരിന്റെ രാഷ്ട്രീയപരമായ ലക്ഷ്യങ്ങൾ അടങ്ങിയ കുറ്റപത്രം എന്നാണ് സിബിഐ കുറ്റപത്രത്തെ കേസിൽ നിന്ന് ഒഴിവാക്കാനായി നൽകിയ പരാതിയിൽ വൻസാര വിശേഷിപ്പിക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത അന്നത്തെ ഗുജറാത്ത് സർക്കാരിനെ അട്ടിമറിക്കുന്നതിനായി അന്നത്തെ കേന്ദ്രസർക്കാർ ഈ നീക്കം നടത്തിയതെന്നാണ് വൻസാരയുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook