Latest News

‘ഇത് ഹാലോവീന്‍ വേഷമാണോ?’; ബുര്‍ഖ ധരിച്ച യുവതിക്ക് നേരെ വംശീയാധിക്ഷേപം

താനൊരു മുസ്‌ലിം ആണെന്ന് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ആമിന ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഇയാളുടെ മറുപടി

വാഷിങ്ടണ്‍: റസ്റ്റോറന്റില്‍ വച്ച് വംശീയാധിക്ഷേപം നടത്തിയയാളുടെ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തി സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു. കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലാണ് സംഭവം നടന്നത്. ബുര്‍ഖ ധരിച്ച കാത്‍ലീന്‍ ആമിന ഡെഡി എന്ന യുവതിയെ ആണ് മധ്യവയസ്കന്‍ അധിക്ഷേപിച്ചത്. മുഖാവരണമുളള ബുര്‍ഖ ധരിച്ച യുവതിയുടെ കണ്ണ് മാത്രം പുറത്തു കാണാനായതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ‘ഇത് ഹാലോവീന്‍ വേഷമോ മറ്റോ ആണോ?’ എന്നായിരുന്നു ഇയാള്‍ യുവതിയോട് ചോദിച്ചത്.

ഉടന്‍ തന്നെ യുവതി ഇത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇയാളോട് വിശദീകരണം ആവശ്യപ്പെട്ടു. ആശങ്കയോടെ നോക്കി നില്‍ക്കുന്ന കോഫി ഷോപ്പ് ജീവനക്കാരികളേയും വീഡിയോയില്‍ കാണാം. എന്തിനാണ് തന്നോട് ഇപ്രകാരം പറഞ്ഞതെന്ന് യുവതി ചോദിച്ചപ്പോള്‍ ‘എന്ത് കൊണ്ട് പറയാന്‍ പാടില്ല’ എന്നായിരുന്നു ഇയാള്‍ തിരിച്ചു ചോദിച്ചത്. താനൊരു മുസ്‌ലിം ആണെന്ന് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ആമിന ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഇയാളുടെ മറുപടി.

‘നിങ്ങളുടെ മതം എനിക്ക് ഇഷ്ടമല്ല. അത് എന്നെ കൊല്ലാനാണ് പറയുന്നത്. നിങ്ങളുടെ കൈകൊണ്ട് മരിക്കാന്‍ എനിക്ക് താൽപര്യം ഇല്ല. മനസിലായോ?’ ഇയാള്‍ പറഞ്ഞു. നിങ്ങള്‍ ഖുറാന്‍ വായിച്ചിട്ടിട്ടുണ്ടോ എന്ന് യുവതി തിരിച്ചു ചോദിച്ചപ്പോള്‍ മുഴുവനും തനിക്ക് അറിയാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. അധിക്ഷേപം കനത്തപ്പോള്‍ കോഫി ഷോപ്പിലുണ്ടായിരുന്ന ഒരാള്‍ ഇയാള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ ബില്ലടക്കാന്‍ നിന്നപ്പോള്‍ റസ്റ്ററന്റ് ജീവനക്കാരും പണം വാങ്ങാന്‍ തയ്യാറായില്ല. ഉടന്‍ തന്നെ ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അമേരിക്കയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Is this halloween or something us man asked muslim woman with veil

Next Story
കറുത്ത പുകയില്‍ കരഞ്ഞ് ഗാസ; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച് തുടങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express