ഹൈദരാബാദ്: മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന അഭിപ്രായ ഭിന്നതയെ പരിഹസിച്ച് എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മാര്‍ക്കറ്റില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയോ എന്നായിരുന്നു ഒവൈസിയുടെ പരിഹാസം.

”എന്താണ് ഈ 50-50? മാര്‍ക്കറ്റില്‍ പുതിയ ബിസ്‌ക്കറ്റ് ഇറങ്ങിയോ? എത്ര 50-50 നിങ്ങള്‍ നടത്തും? മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യൂ. സതാരയിലെ മഴക്കെടുതിയെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. ഇതെങ്ങനെയാണ് ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ ആകുന്നത്” എന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.

”ഫഡ്‌നാവീസാണോ അതോ വേറെ ആരെങ്കിലുമാണോ മുഖ്യമന്ത്രിയാകുന്നത് എന്നെനിക്കറിയില്ല. കസേരകളി തുടരുകയാണ്. ശിവസേനയ്ക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലെന്ന് തോന്നുന്നു. ഉദ്ധവ് താക്കറെയ്ക്ക് പ്രധാനമന്ത്രിയെ പേടിയാണെന്ന് തോന്നുന്നു” ഒവൈസി പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു. മന്ത്രിസഭാ രൂപീകരണ വേളയില്‍, മന്ത്രിതല വകുപ്പുകള്‍ തുല്യമായി വിഭജിക്കാമെന്ന വാഗ്ദാനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേന മേധാവി ഉദ്ദവ് താക്കറെയെ സമീപിച്ചു. നവംബര്‍ എട്ടിന് മഹാരാഷ്ട്രയിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്.

രണ്ടര വര്‍ഷത്തെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ശിവസേനയും തയ്യാറായി എന്നാണ് സൂചന. എന്നാല്‍ ഇതിന് പകരമായി രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ക്യാബിനറ്റ് മന്ത്രി പദവിയും ഒരു കേന്ദ്ര മന്ത്രി പദവിയുമാണ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങള്‍. അതിന് പുറമേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയും ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ നടത്തുന്ന കോര്‍പ്പറേഷനുകളുടെ നിയന്ത്രണത്തില്‍ 50:50 വിഹിതം നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook