ന്യൂഡൽഹി: വിവാഹ ശേഷമുളള ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐപിസിയിലെ 497ാം വകുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി വിധി നാളെ. ഒന്നര നൂറ്റാണ്ട് കാലമായി(157 വർഷം) ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വകുപ്പിന്റെ ഭാവിയാണ് നാളെ അറിയാൻ പോകുന്നത്.

2017 ഡിസംബറിൽ ജോസഫ് ഷൈനാണ് സുപ്രീം കോടതിയിൽ പരാതി നൽകിയത്. പിന്നീട് ജനുവരിയിൽ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, എഎം ഖൻവിൽകർ, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് അംഗങ്ങൾ.

ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാകുന്നത്. ഇത്തരം കേസുകളിൽ സ്ത്രീകൾക്കെതിരെ വകുപ്പ് ചുമത്താനാകില്ല. പുരുഷന്മാർ മാത്രമാണ് കുറ്റവാളികളാവുക.

ഈ വകുപ്പ് പ്രകാരം ഭർത്താവിനെയാണ് ഭരണഘടന ഇരയായി കണക്കാക്കുന്നത്. പ്രതിയാകുന്ന ആളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഈ വകുപ്പ് ശുപാർശ ചെയ്യുന്നുണ്ട്. സ്ത്രീകളെ ഭർത്താക്കന്മാരുടെ വ്യക്തിപരമായ സ്വത്തായി കാണുന്നതാണ് വകുപ്പെന്നാണ് കോടതി വാദം കേൾക്കുന്നതിനിടെ പരാമർശിച്ചത്.

എന്നാല്‍, 497 വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യത്ത് വിവാഹ ബന്ധങ്ങൾ തകരാനേ ഇതുപകരിക്കൂവെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. രാവിലെ പത്തരയ്ക്കാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook