ന്യൂഡൽഹി: രാജ്യസ്നേഹം എന്താണെന്ന് ജനങ്ങൾ തീരുമാനിക്കേണ്ട സമയം ആഗതമായെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. 21-ാം നൂറ്റാണ്ടിൽ ജനങ്ങൾക്കിടയിൽ ഇന്ത്യ വിദ്വേഷത്തിന്റെ ഉൽ‌പ്പന്നമാകരുതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുകയായിരുന്നു കേജ്‌രിവാൾ.

“കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതാണോ ഹിന്ദു-മുസ്‌ലിം ചർച്ച നടത്തുന്നതാണോ യഥാർഥ ദേശസ്നേഹം? മിതമായ നിരക്കിൽ ആരോഗ്യ സംരക്ഷണം നൽകുന്നതാണോ, അതോ ഹിന്ദു-മുസ്‌ലിം ചർച്ചയാണോ? വൈദ്യുതി, വെള്ളം, റോഡുകൾ എന്നിവ മെച്ചപ്പെടുത്തുന്നതാണോ അതോ കലാപത്തിന് പ്രേരിപ്പിക്കുന്നതാണോ ദേശസ്നേഹം?,” കേജ്‌രിവാൾ അഭിമുഖത്തിൽ പറഞ്ഞു.

‘ഷഹീൻ ബാഗ്, ഷഹീൻ ബാഗ്, ഷഹീൻ ബാഗ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണം പരാജയപ്പെട്ടെന്നും അതുകൊണ്ടാണ് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് നേരെ നിറയൊഴിച്ച അക്രമിക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും കേ‌ജ്‌രിവാൾ പറഞ്ഞു.

Read More: കേജ്‌രിവാൾ തീവ്രവാദി തന്നെ, തെളിവുണ്ട്: പ്രകാശ് ജാവദേക്കർ

കഴിഞ്ഞയാഴ്ച ഷഹീൻ ബാഗിൽ രണ്ട് തവണ വെടിവയ്പ് നടത്തിയ കപിൽ ബൈസാല ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നുവെന്ന ഡൽഹി പൊലീസിന്റെ വാദത്തിനും കേ‌ജ്‌രിവാൾ മറുപടി പറഞ്ഞു.

“അയാളെ ജയിലിലടയ്ക്കുക. തടവ് ശിക്ഷ രണ്ട് വർഷമാണ്. അയാൾക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെങ്കിൽ അത് നാല് വർഷത്തേക്ക് നീട്ടുക. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് അയാളുടെ ചിത്രങ്ങൾ പുറത്തു വരികയെന്നത് കൃത്യമായ ഗൂഢാലോചനയാണ്. എനിക്കെതിരായ അമിത് ഷാ ജിയുടെ പ്രവർത്തനങ്ങളൊന്നും വിജയിച്ചില്ല. അദ്ദേഹം എൽ‌ജെ‌പി, ജെ‌ഡി (യു), ആർ‌ജെഡി തുടങ്ങി പല പാർട്ടികളെയും എനിക്കെതിരെയാക്കാൻ ശ്രമിച്ചു. പക്ഷേ അത് നടന്നില്ല. എന്നിട്ട് അദ്ദേഹം എന്നെ നന്നായി അധിക്ഷേപിച്ചു, പക്ഷേ അതും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ഷഹീൻ ബാഗ്, ഷഹീൻ ബാഗ്, ഷഹീൻ ബാഗ് എന്ന് പറഞ്ഞു. അതും പരാജയപ്പെട്ടു. ഇപ്പോൾ ഡൽഹി പൊലീസാണ് അവരുടെ അവസാന ആശ്രയം. അവർ ചില ഫോട്ടോകൾ പ്രചരിപ്പിക്കുന്നു. എന്നാൽ തന്റെ മകന് ആം ആദ്മി പാർട്ടിയുമായി ബന്ധമില്ലെന്ന് കപിലിന്റെ പിതാവ് തന്നെ പറഞ്ഞു കഴിഞ്ഞു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook