ന്യൂഡൽഹി: ബോളിവുഡ് നടൻ നസറുദ്ദീൻ ഷായെ ‘നന്ദിയില്ലാത്തവൻ’ എന്നു വിളിച്ച മുൻ ഗവർണറും അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഭർത്താവുമായ സ്വരാജ് കൗശലിനെതിരെ ശശി തരൂർ. നസറുദ്ദീൻ ഷായും അനുപം ഖേറും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സ്വരാജ് ട്വിറ്ററിലൂടെ നസറുദ്ദീൻ ഷായ്‌ക്കെതിരെ രംഗത്തെത്തിയത്.

നസറുദ്ദീൻ ഷായ്‌ക്കെതിരെ അനുപം ഖേറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്വരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “മിസ്റ്റർ നസറുദ്ദീൻ ഷാ, നിങ്ങൾ നന്ദികെട്ട ആളാണ്. ഈ രാജ്യം നിങ്ങൾക്ക് എല്ലാ പേരും പ്രശസ്തിയും പണവും നൽകി. എന്നിട്ടും നിങ്ങൾ നിരാശപ്പെടുത്തി. നിങ്ങൾ അന്യമതത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചു. ആരും ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. നിങ്ങളുടെ സഹോദരൻ ഇന്ത്യൻ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറൽ ആയി. നിങ്ങൾക്ക് തുല്യ അവസരത്തിൽ കൂടുതൽ നൽകിയിട്ടില്ലേ? ”

ഇതിന് മറുപടിയുമായാണ് ശശി തരൂർ രംഗത്തെത്തിയത്. “ഗവർണർ സാഹിബ്, നിങ്ങളുടെ മതത്തിനു പുറത്തുള്ള ഒരാളെ വിവാഹം കഴിക്കുന്നത് ദേശദ്രോഹമാണോ? അല്ലെങ്കിൽ അനുപം ഖേറിനെ വിമർശിക്കുന്നത് ദേശദ്രോഹമാണോ,” എന്ന് ശശി തരൂർ ചോദിച്ചു.

സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തെക്കുറിച്ചുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റുകളെക്കുറിച്ചും അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും നസറുദ്ദീൻ ഷാ പ്രതികരിച്ചതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

“അനുപം ഖേറിനെ ഗൗരവമായി കാണേണ്ടതില്ല. അദ്ദേഹം ഒരു കോമാളിയാണ്. എഫ്‌ടി‌ഐ‌ഐ, എൻ‌എസ്‌ഡി എന്നിവിടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ സമകാലികരോട് ചോദിച്ചാൽ മതി. കാര്യസാധ്യത്തിനായി സ്തുതിപാടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാൻ കഴിയും. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അതിൽ ഒന്നും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കില്ല,” എന്നായിരുന്നു നസറുദ്ദീൻ ഷാ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook