/indian-express-malayalam/media/media_files/uploads/2023/06/Manipur-3.jpg)
Express photo: Amit Mehra
ന്യൂഡല്‍ഹി: ഒന്നര മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമായി പരിഗണിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആശങ്കകള്‍ അറിയിച്ചേനെയെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാനായി ഡല്‍ഹിയിലെത്തിയ മണിപ്പൂരില് നിന്നുള്ള 10 പാര്‍ട്ടികളുടെ പ്രതിനിധികളടങ്ങിയ സംഘത്തിന്റെ ഭാഗമാണ് ഒക്രമും. ജൂണ് 12-ന് പ്രതിനിധി സംഘം മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ല.
പ്രതിനിധി സംഘത്തില്‍ കോണ്‍ഗ്രസ്, ജെഡിയു, സിപിഐ, സിപിഎം. ആര്‍എസ്പി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ആംആദ്മി, എന്‍സിപി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്നിവയുടെ മണിപ്പൂര്‍ അധ്യക്ഷന്മാര്‍ ഉള്‍പ്പെടുന്നു.
"മേയ് മൂന്നാം തീയതി മുതല്‍ മണിപ്പൂരില്‍ തുടങ്ങിയ സംഘര്‍ഷം ഇന്നും തുടരുകയാണ്. എല്ലാ ദിവസവും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേന്ദ്ര മന്ത്രിയായ ആര്‍ കെ രഞ്ജന്റെ വസതി വരെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഇരുപതിനായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍. എന്നാല്‍ ഇതുവരെ മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാന്‍ പ്രധാനമന്ത്രി തയാറായിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണൊ അല്ലയോ എന്ന് വരെ തോന്നിപ്പോകുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സാഹചര്യം രാഷ്ട്രീയവല്‍ക്കരിക്കാനല്ല ഞങ്ങള്‍ ഡല്‍ഹിയിലെത്തിയത്. എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനാണ്. ഞങ്ങളെ ദയവ് ചെയ്ത് സഹായിക്കു. സമാധാനം പുനസ്ഥാപിച്ചതിന് ശേഷം രണ്ട് വിഭാഗങ്ങളുമായി സംസാരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാം," അദ്ദേഹം പറഞ്ഞു.
മണിപ്പൂരിന്റെ ചുമതല വഹിക്കുന്ന ജയറാം രമേഷ് അടല്‍ ബിഹാരി വാജ്പയില്‍ നിന്ന് മണിപ്പൂരിന്റെ കാര്യത്തില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചു.
"കൃത്യം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 18 2001-ല്‍ മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായി. വിധാന്‍ സഭയ്ക്ക് തീവച്ചു. സ്പീക്കറുടെ വസതിക്ക് തീയിട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിന് തീവച്ചു. എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികളടങ്ങിയ സംഘം വാജ്പയിയെ കാണാനായി അപേക്ഷിച്ചിരുന്നു. അന്ന് പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചു നല്‍കി. സമാധാനം പുനസ്ഥാപിക്കാന്‍ സംസ്ഥാനത്തെ ജനങ്ങളോട് സഹകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു," ജയറാം രമേഷ് വ്യക്തമാക്കി.
അന്ന് സംഘര്‍ഷം തുടര്‍ന്നതിനാല്‍ പ്രധാനമന്ത്രി രണ്ടാം തവണയും പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ജയറാം രമേഷ് പറഞ്ഞു.
എന്നാല്‍ ഇന്ന് 40 ദിവസമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇതുവരെ ഒരു പ്രസ്താവനയോ സന്ദേശമോ ആഹ്വാനമൊ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിട്ടും സംഘര്‍ഷങ്ങള്‍ തുടരുകയാണെന്നും ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.