ന്യൂഡൽഹി: ചൈനയിലെ വ്യവസായ ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോർട്ട്. രണ്ടു മാസത്തോളമായി അദ്ദേഹത്തെ പൊതുവിടങ്ങളിൽ കാണാതായിട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പും നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സോഷ്യൽ മീഡിയയിലും ജാക്ക് മാ അപ്രത്യക്ഷനാണ്. ട്വിറ്ററിൽ അദ്ദേഹത്തിന്റെ അവസാന പോസ്റ്റ് ഒക്ടോബർ പത്താം തിയതിയായിരുന്നു.

ഫിനാൻഷ്യൽ ടൈംസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് തൻ്റെ സ്വന്തം ടാലന്റ് ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താൻ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറിലായിരുന്നു. ഈ എപ്പിസോഡിൽ ആലിബാബ എക്സിക്യൂട്ടീവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്.

പരിപാടിയുടെ വെബ് പേജിൽ നിന്നും അദ്ദേഹത്തിന്റെ ഫോട്ടോ നീക്കം ചെയ്തിരുന്നതായും പ്രമോഷണൽ നിന്നും ഒഴിവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തിരക്കുകൾ കാരണമാണ് അദ്ദേഹത്തിന് അവസാന എപ്പിസോഡിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് എന്നാണ് കമ്പനി വക്താവിന്റെ പ്രതികരണം.

Read More: കര്‍ഷകര്‍ക്കു മുന്നില്‍ റിലയന്‍സ് മുട്ടുകുത്തുന്നു; കോർപറേറ്റ് – കരാർ കൃഷിയിലേക്കില്ല

ജാക്ക് മായുടെ കമ്പനികളായ അലിബാബയും ആന്റ് ഗ്രൂപ്പും ചൈനയിൽ കൂടുതൽ പരിശോധനകള്‍ക്കും മറ്റും വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് ജാക്ക് മാ എവിടെയാണെന്ന് ചോദ്യം ചെയ്യപ്പെടുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രതികാര നടപടികളുണ്ടായിരിക്കുന്നത്. മാ സ്ഥാപിച്ചതും നയിക്കുന്നതുമായ അലിബാബയും ആന്റ് ഗ്രൂപ്പും നിലവിൽ കുത്തക നടപടികളെന്ന് ആരോപിച്ച് ആന്റിട്രസ്റ്റ് അന്വേഷണം നേരിട്ടുവരികയാണ്.

ബ്ലൂംബര്‍ഗ് അതിസമ്പന്നരുടെ പട്ടികയിൽ 50.9 ബില്യണ്‍ അമേരിക്കൻ ഡോളറാണ് ജാക്ക് മായുടെ ആസ്തി. വിമര്‍ശനവും നടപടിയും ഉണ്ടായതോടെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 25ാം സ്ഥാനം പുറകോട്ട് പോകുകയും ചെയ്തിരുന്നു. ഈ രണ്ട് മാസത്തിനിടെ ജാക് മാക്ക് നഷ്ടമായിരിക്കുന്നത് 11 ബില്യൺ ഡോളറാണ്.

ചൈനയുടെ റെഗുലേറ്റർമാരെയും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമർശിച്ച് പ്രസംഗം നടത്തിയതിനു തൊട്ടുപിന്നാലെയാണ് മാ പ്രതിസന്ധിയിലായത്. ഡിസംബർ 24 നാണ് ചൈനീസ് സർക്കാർ ആലിബാബയുടെ കുത്തക പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook