ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് മോദി സർക്കാർ നടത്തുന്ന വിപുലമായ തയ്യാറെടുപ്പുകളിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി. “ട്രംപ് ദൈവമാണോ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ 70 ലക്ഷം ആളുകൾ അണിനിരക്കാൻ? ട്രംപ് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇന്ത്യ സന്ദർശിക്കുന്നത്,” കോൺഗ്രസ് നേതാവ് വിമർശിച്ചു.
Read More: ട്രംപിന്റെ സന്ദർശനം: ചേരിയിലെ 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ നോട്ടീസ്
ട്രംപിന്റെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകളിൽ ശിവസേനയും മോദി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ഇന്ത്യക്കാരുടെ അടിമത്വത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നായിരുന്നു ശിവസേനയുടെ വിമർശനം.
ഡോണൾഡ് ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി മോദി സർക്കാരും ഗുജറാത്ത് സർക്കാരും വിപുലമായ പദ്ധതികളും ക്രമീകരണങ്ങളുമാണ് നടത്തിയിരിക്കുന്നത്.
ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയിൽ എത്തുന്നത്. അന്നേ ദിവസം ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് മോട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. രണ്ട് നേതാക്കളും ചടങ്ങിൽ പ്രസംഗിക്കും. ബോളിവുഡ് താരങ്ങളെയും വിശിഷ്ടാതിഥികളെയും മോട്ടേര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുണ്ട്.
ട്രംപും മോദിയും അഹമ്മദാബാദിലെ പ്രശസ്തമായ സബർമതി ആശ്രമം സന്ദർശിച്ച് 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്ഷോയിൽ പങ്കെടുക്കും. റാലിക്ക് ശേഷം ഇരു നേതാക്കളും മോട്ടേര സ്റ്റേഡിയത്തിലേക്ക് പോകും. അവിടെ ഒരു ലക്ഷത്തിലധികം ആളുകൾ ഒത്തുചേരുകയും ഇരു നേതാക്കളെയും അഭിവാദ്യം ചെയ്യുകയും ചെയ്യും.
‘നമസ്തേ ട്രംപ്’ പരിപാടിയുടെ ഭാഗമായി മോട്ടേര സ്റ്റേഡിയത്തിന് സമീപമുളള ചേരിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) തിങ്കളാഴ്ച നോട്ടീസ് നൽകിയത് ഏറെ വിവാദമായിരുന്നു. നിർമാണത്തൊഴിലാളികളായ 200 ഓളം ചേരി നിവാസികളടങ്ങുന്ന കുടുംബങ്ങൾക്കാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
വിമാനത്താവളത്തിനും മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡിൽ മതിൽ പണിഞ്ഞതും വിവാദമായിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസംഖ്യ 2,500ലേറെയാണ്. 500ൽ അധികം വീടുകളും ഇവിടെയുണ്ട്.