ചെന്നൈ: തനിക്ക് പിന്നില്‍ ബിജെപിയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. പാര്‍ട്ടി രൂപീകരണത്തിന് ശേഷം ഹിമാലയന്‍ യാത്രയിലായിരുന്ന രജനീകാന്ത് ഇന്നാണ് മടങ്ങിയെത്തിയത്. പിന്നാലെയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

തന്റെ രാഷ്ട്രീയ പ്രവേശനമടക്കമുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘ ബിജെപിയാണ് എനിക്ക് പിന്നിലെന്ന് ഒരുപാട് റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ, ദൈവമാണ് എന്റെ പിന്നിലുള്ളത്. പിന്നെ ഇവിടുത്തെ ജനങ്ങളും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എപ്പോഴൊക്കെ തന്നോട് ഈ ചോദ്യം ആരായുന്നുവോ അപ്പോഴെല്ലാം തന്റെ ഉത്തരം ഇതുതന്നെയായിരിക്കുമെന്നും രജനി വ്യക്തമാക്കി. അതേസമയം, തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു. കാടത്തവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൂടാതെ, ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാമരാജ്യ രഥയാത്രയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തമിഴ്‌നാട് മതനിരപേക്ഷമാണെന്നും ഇവിടെ സാമുദായിക ലഹളയില്ലാതെ നോക്കാന്‍ പൊലീസിന് കഴിയട്ടെ എന്നുമായിരുന്നു രജനിയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ