ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ട്യൂമറിനെക്കുറിച്ച് കൂടുതല്‍ വിശദീകരണവുമായി ഡോക്ടര്‍ സൗമിത്ര റാവത്ത്. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനാണ് അദ്ദേഹം.

ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ശരീര ഭാഗങ്ങളില്‍ പടരുന്ന അപൂര്‍വ്വ രോഗത്തെക്കുറിച്ച് കഴിഞ്ഞദിവസം ഇര്‍ഫാന്‍ ഖാന്‍ നടത്തിയ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് കൂടുതല്‍ വിശദീകരണവുമായി റാവത്ത് രംഗത്തെത്തിയിരിക്കുന്നത്.

‘ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെയാണ് ഈ ട്യൂമര്‍ രൂപപ്പെടുന്നത്. പാന്‍ക്രിയാസ്, ശ്വാസകോശം, തൈറോയ്ഡ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് വളരുന്നത്. അപൂര്‍വ രോഗമാണെങ്കിലും, ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത അസുഖമൊന്നുമല്ല,’ ഡോക്ടര്‍ റാവത്ത് എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ട്യൂമര്‍ രൂപപ്പെട്ടിരിക്കുന്നത് എവിടെയാണെന്നും അതിന്റെ വലിപ്പം എത്രത്തോളം ഉണ്ട് എന്നതും പ്രധാനമാണ്. അതു മനസ്സിലാക്കിയ ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗിക്ക് വിദഗ്‌ധ പരിശോധനയും ചികിത്സയും നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യമാണ് തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഉടന്‍ തന്നെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോവും.

നേരത്തെ ആശുപത്രി അധികൃതര്‍ ഇര്‍ഫാന്‍ ഖാന്‍ ചികിത്സയിലാണെന്ന വസ്തുത നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുതാപ സിക്ദാര്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. തന്റെ ഭര്‍ത്താവ് ഒരു പോരാളിയാണെന്ന് പറഞ്ഞ സുതാപ അദ്ദേഹം എല്ലാ തടസ്സങ്ങളോടും പോരാടുകയാണെന്ന് പറഞ്ഞു. തന്നേയും ഒരു പോരാളിയാക്കി മാറ്റിയതിന് ദൈവത്തോടും ഭര്‍ത്താവിനോടും നന്ദി അറിയിക്കുന്നതായും സുതാപ പറഞ്ഞു. തീര്‍ച്ചയായും ജയിച്ചിരിക്കേണ്ട യുദ്ധത്തിനായി യുദ്ധഭൂമിയില്‍ തന്ത്രങ്ങളിലാണ് താനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ