ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ തന്റെ അപൂര്‍വ്വ രോഗം എന്താണെന്ന് വെളിപ്പെടുത്തി. അപൂര്‍വ്വ രോഗസ്ഥിതിയായ ന്യൂറോ എന്‍ഡോക്രിന്‍ ട്യൂമറാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് നടന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും ശക്തിയും തനിക്ക് പ്രതീക്ഷ തരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ശരീര ഭാഗങ്ങളില്‍ പടരുന്ന അപൂര്‍വ്വമായ രോഗസ്ഥിതിയാണിത്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളില്‍ വികസിക്കുന്ന എന്‍ഡോക്രിന്‍ ട്യൂമറിനും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും.

ഈ മാസം ആദ്യമാണ് തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഉടന്‍ തന്നെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോവും.

നേരത്തെ ആശുപത്രി അധികൃതര്‍ ഇര്‍ഫാന്‍ ഖാന്‍ ചികിത്സയിലാണെന്ന വസ്തുത നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുതാപ സിക്ദാര്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. തന്റെ ഭര്‍ത്താവ് ഒരു പോരാളിയാണെന്ന് പറഞ്ഞ സുതാപ അദ്ദേഹം എല്ലാ തടസ്സങ്ങളോടും പോരാടുകയാണെന്ന് പറഞ്ഞു. തന്നേയും ഒരു പോരാളിയാക്കി മാറ്റിയതിന് ദൈവത്തോടും ഭര്‍ത്താവിനോടും നന്ദി അറിയിക്കുന്നതായും സുതാപ പറഞ്ഞു. തീര്‍ച്ചയായും ജയിച്ചിരിക്കേണ്ട യുദ്ധത്തിനായി യുദ്ധഭൂമിയില്‍ തന്ത്രങ്ങളിലാണ് താനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

‘കാര്യങ്ങള്‍ ഒരിക്കലും എളുപ്പമായിരുന്നില്ല, ഇപ്പോഴും എളുപ്പമല്ല, ഇനി എളുപ്പവുമാകില്ല. പക്ഷെ കുടുംബവും സുഹൃത്തുക്കളും ഇര്‍ഫാന്റെ ആരാധകരും തരുന്ന പ്രതീക്ഷ എന്നില്‍ ശുഭാപ്തിവിശ്വാസവും വിജയിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. രോഗം എന്താണെന്ന് അറിയാന്‍ വേണ്ടി മാത്രം നമ്മുടെ വിലയേറിയ ഊര്‍ജ്ജം കളയാതെ അത് ഇല്ലാതാക്കാനായി പ്രാര്‍ത്ഥിക്കാം’, സുതാപ പറഞ്ഞു.

ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് തനിക്ക് ‘അപൂര്‍വ രോഗമാണെന്ന്’ ഇര്‍ഫാന്‍ പറഞ്ഞത്. രോഗം എന്താണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നാണ് താരം അറിയിച്ചത്. വിശദമായ പരിശോധനകള്‍ നടക്കുന്നതേയുള്ളുവെന്നും അതുവരെ ആരും ഇതേപറ്റി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

അസുഖം ഏതെന്ന് വെളിപ്പെടുത്തിയതോടെ ദീര്‍ഘ കാലം ഇര്‍ഫാന്‍ ഖാന് അഭിനയിക്കാന്‍ കഴിയില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. ദീപിക പദുക്കോണ്‍ നായികയായ ‘സപ്‌ന ദിദി’ എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വച്ചിരിക്കുകയാണ്.

ഇര്‍ഫാന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ചിത്രം നീട്ടിവയ്ക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും ചിത്രത്തിന്റെ കോ പ്രൊഡ്യുസര്‍ പ്രേരണ അറോറ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ