scorecardresearch

മണിപ്പൂര്‍ സംഘര്‍ഷം: പ്രധാനമന്ത്രിയും അമിത് ഷായും സംസ്ഥാനം സന്ദര്‍ശിക്കണം: ഇറോം ശര്‍മിള

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇറോം ശര്‍മിള പറഞ്ഞു.

irom-sharmila
Irom Sharmila

കൊല്‍ക്കത്ത: സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ സ്ത്രീകളോട് വംശീയ സ്വത്വം നോക്കാതെ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പൗരാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ചാനു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ജനങ്ങളുമായി സംവദിക്കാനും സംസ്ഥാനം സന്ദര്‍ശിക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.

”മണിപ്പൂര്‍ കത്തുകയാണ്, ഞങ്ങളുടെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. എല്ലാവരോടും, മൈതേസുകളോടും ആദിവാസികളോടും, അക്രമം അവസാനിപ്പിക്കാനും ഐക്യപ്പെടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകള്‍ ‘പ്രകൃതിമാതാവിനെ’ പോലെ പ്രവര്‍ത്തിക്കുകയും സമാധാനം തിരികെ കൊണ്ടുവരാന്‍ തങ്ങളുടെ ശക്തി ഉപയോഗിക്കണമെന്നും ഇറോം ശര്‍മിള പറഞ്ഞു. ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ പിടിഐയോട് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് സായുധ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു ഇറോം ശര്‍മിള. വാറണ്ടുകളില്ലാതെ അറസ്റ്റ് ചെയ്യാനും മജിസ്ട്രേറ്റിന്റെ മേല്‍നോട്ടമില്ലാതെ വെടിവയ്ക്കാനും സുരക്ഷാ സേനയ്ക്ക് അധികാരം നല്‍കുന്ന പ്രത്യേക അധികാര നിയമത്തിനെതിരെ 16 വര്‍ഷം ഇറോം ശര്‍മിള സമരം ചെയ്തിരുന്നു.

പട്ടാള വാഹനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ മൈതേയ് സമുദായത്തിലെ ആളുകളെ കലാപകാരികളായ ജനക്കൂട്ടത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ചുരാചന്ദ്പൂര്‍ പട്ടണത്തില്‍ കുക്കി സ്ത്രീകള്‍ മനുഷ്യച്ചങ്ങല ഉണ്ടാക്കിയതായും ഇംഫാല്‍ പട്ടണത്തില്‍ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളെ സഹായിച്ച സമാനമായ സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഭൂരിഭാഗം മൈതേകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഇടയില്‍ കുക്കികളും നാഗകളും ഉള്‍പ്പെടെയുള്ള വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനത്തേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നത് സാഹചര്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി മോദിയോ ആഭ്യന്തര മന്ത്രിയോ ചീഫ് ജസ്റ്റിസോ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. മണിപ്പൂരില്‍ പ്രശ്നങ്ങള്‍ മനസിലാക്കുക, മൂലകാരണം കണ്ടെത്തുക, തുടര്‍ന്ന് അവ പരിഹരിക്കുക. ഇറോം ശര്‍മിള ആവശ്യപ്പെട്ടു.

ഭൂരിപക്ഷം വരുന്ന മെയ്‌തേയ് സമുദായത്തിന് എസ്ടി പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ബുധനാഴ്ച കുക്കികളും നാഗകളും ഉള്‍പ്പെടെയുള്ള ഗോത്രവര്‍ഗക്കാര്‍ സംഘടിപ്പിച്ച പ്രകടനത്തെത്തുടര്‍ന്നാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. പതിനായിരത്തോളം സൈന്യത്തെയും പാരാ മിലിട്ടറിയെയും സെന്‍ട്രല്‍ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തീസ് ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. നാഗങ്ങളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ ജനസംഖ്യയുടെ 40 ശതമാനം വരും, താഴ്വരയ്ക്ക് ചുറ്റുമുള്ള മലയോര ജില്ലകളിലാണ് കൂടുതലും ഇവര്‍ താമസിക്കുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇറോം ശര്‍മിള പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iron lady irom sharmila manipur women peace appeals pm hm