കോയന്പത്തൂർ: മണിപ്പൂരി സമരനായിക ഇറോം ശർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. തമിഴ്നാട്ടിലെ കൊടൈക്കനാലിൽവച്ച് ലളിതമായ ചടങ്ങിൽ ബുധനാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
ദീപ്തി പ്രിയ മെഹ്റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ് ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്ട് കുടിനോ അറിയുന്നത്. തുടര്‍ന്ന് 2009ല്‍ ഡെസ്മണ്ട് ഇറോമിന് കത്തെഴുതി. ഇതിനു ശേഷം ഇരുവരും തമ്മില്‍ കത്തുകളയക്കാറുണ്ടായിരുന്നു. 2011ലാണ് ഇരുവരും കോടതിയില്‍വച്ച് നേരിട്ട് കണ്ടിരുന്നു. ഇത് ശര്‍മിളയുടെ അനുഭാവികരില് തന്നെ എതിര്പ്പുണ്ടാക്കിയിരുന്നെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ആരും ഇടപെടുന്നത് ഇഷ്ടമല്ല എന്നാണ് ഇറോം പറഞ്ഞത്.
ഇറോം ശര്‍മിള നിരാഹാര സമരത്തില്‍ നിന്ന് പിന്മാറാന് കാരണം ഡെസ്മണ്ട് കുടിനോയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പ്രണയമല്ല സമരത്തില്‍ നിന്ന് പിന്മാറാന് കാരണമെന്ന് ഇറോം വ്യക്തമാക്കിയിരുന്നു.
മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്കുന്ന അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള പതിനാറ് വര്‍ഷം നിരാഹാര സമരം നടത്തിയിരുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിരാഹാര സമരം നടത്തിയ വ്യക്തിയാണ് ഇറോം. നിരാഹാരം അവസാനിപ്പിച്ചതിന് ശേഷം പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് അവർ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയാണ്.