ബെംഗളൂരു: മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മണിപ്പൂരിന്റെ ഉരുക്കു വനിതയും സമരനായികയുമായ ഇറോം ശര്‍മിള കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. ഇരട്ടക്കുട്ടികളുമായുള്ള ഇറോം ശര്‍മിളയുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഭര്‍ത്താവ് ഡെസ്മണ്ട് കുട്ടീന്യോയും ഇറോം ശര്‍മിളയുമാണ് കുട്ടികളെ കയ്യിലേന്തി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മേയ് 12 നാണ് ബെംഗളൂരുവിലെ ക്ലൗഡ് നൈന്‍ ആശുപത്രിയില്‍ വച്ച് 46 കാരിയായ ശര്‍മിള ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

2016 ഓഗസ്റ്റില്‍ തന്റെ ഉപവാസം നിര്‍ത്തി ഇറോം കൊടൈക്കനാലിലേക്ക് താമസം മാറിയിരുന്നു. ഇതിന് ശേഷം പ്രസവത്തിനായി ബെംഗളൂരുവിലെത്തി. ഗോവയില്‍ ജനിച്ച ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടീന്യോ ആണ് ഇറോമിന്റെ ഭര്‍ത്താവ്. നിക്​സ്​ സാഖി, ഓട്ടം താര എന്നിങ്ങനെയാണ്​ കുട്ടികളുടെ പേര്​.

Read More: മാതൃദിനത്തില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ഇറോം ശര്‍മിള

ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം കുട്ടികൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമുമാണ് ഭാരം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന്​ ആശുപത്രിയിലെ ഗൈനക്കോളജിസ്​റ്റ്​ ഡോ. ശ്രീപാദ വിനേകർ പറഞ്ഞു. മാതൃദിനത്തിലെ പ്രസവം തികച്ചും ആകസ്​മികമാണെന്നും ശർമിളയും ഭർത്താവും ഇക്കാര്യം ഓർക്കുകപോലും ചെയ്​തിരുന്നില്ലെന്നും ഡോക്​ടർ കൂട്ടിച്ചേർത്തു.

‘ഇതൊരു പുതിയ ജീവിതമാണ് എനിക്ക്. വളരെ സന്തോഷമുണ്ട്. ആരോഗ്യമുളള കുഞ്ഞുങ്ങള്‍ വേണമെന്ന് മാത്രമാണ് ഞാനും ഭര്‍ത്താവും ആഗ്രഹിച്ചത്,’ ഇറോം ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ഇറോമിന്റെ അമ്മയുടെ പേരാണ് ഇറോം സാഖി. ആദ്യ മകള്‍ക്ക് നിക്സ് സാഖി എന്നാണ് പേരിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇറോമിന്റെ മാതാവ് മരിച്ചത്.

Read More: മണിപ്പൂരി സമരനായിക ഇറോം ശർമിള വിവാഹിതയായി

‘നിക്സ് എന്ന പേര് ഭര്‍ത്താവാണ് തിരഞ്ഞെടുത്തത്. ലാറ്റിന്‍ ഭാഷയില്‍ മഞ്ഞ് എന്നാണ് ഇതിന് അര്‍ത്ഥം. മഞ്ഞ് പോലെ തണുപ്പുളളവളായിരിക്കട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്,’ ഇറോം പ്രതികരിച്ചു. 2017ലാണ് ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെ ഇറോം വിവാഹം കഴിച്ചത്. നേരത്തെ പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ച് ഇറോം ശര്‍മിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയിരുന്നു. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ ദക്ഷിണേന്ത്യയിലേക്ക് മാറി താമസിക്കുകയാണ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook