പനാജി: വീണ്ടും വിദേശ വനിത ഗോവയിൽ അതിക്രമത്തിൽ ഇരയായി കൊല ചെയ്യപ്പെട്ടു. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഇന്ത്യയിലെ പ്രധാന ഇടമാണെങ്കിലും വിദേശീകൾക്കെതിരായ അതിക്രമത്തിലും ഇവിടം മുന്നിലാണ്. ഇന്നലെ രാവിലെ കാനകോനയിൽ ഐറിഷ് സ്വദേശിനിയുടെ നഗ്നമാക്കപ്പെട്ട മൃതശരീരം കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തതായും സംഭവം പുറത്തറിയാതിരിക്കാനാണ് കൊലചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2008 ൽ നടന്ന ബ്രിട്ടീഷ് കൗമാരക്കാരി സ്കാർലറ്റ് കീലിംഗിന്റെ വധവുമായി ഏറെ സമാനതയുള്ളതാണ് ഐറിഷ് യുവതിയുടെ കൊലപാതകവും. വികാസ് ഭഗത് (23) ആണ് കേസിൽ ഇപ്പോൾ പിടിയിലുള്ളത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നില്ലെങ്കിലും പ്രാഥമിക അന്വേഷണത്തിൽ തന്നെ, യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ഡിഎസ്‌പി സമ്മി തവരെസ് വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

മോഷണക്കേസുകളിലും മറ്റും മുൻപ് പ്രതിയാക്കപ്പെട്ടയാളാണ് വികാസ്. “മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്” ഡിഎ‌സ്‌പി പറഞ്ഞു.

2014 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം വിദേശ വിനോദ സഞ്ചാരികൾക്കെതിരായി വലിയ തോതിൽ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമാണ് ഗോവയ്ക്ക്. രാജ്യത്താകെ വനിത വിദേശികൾക്കെതിരായി 384 അതിക്രമങ്ങൾ നടന്നതിൽ 64 എണ്ണം ഗോവയിലാണ്. വിദേശികൾക്കെതിരായി 486 കേസുകളിൽ 260 എണ്ണം മോഷണക്കേസുകളാണ്. വനിത വിനോദ സഞ്ചാരികളെ അപമാനിക്കാനുള്ള ശ്രമങ്ങൾ 39 എണ്ണം ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലൈംഗികാതിക്രമം, മോഷണം, ചതി എന്നീ ഗണത്തിൽ പെടുന്ന 22 കേസുകളും വ്യാജ ആധാരം ഉണ്ടാക്കിയ 21 കേസുകളുമാണ് ഉണ്ടായിരുന്നത്.

24 മണിക്കൂർ പിന്നിടും മുൻപ് തന്നെ ഐറിഷ് യുവതിയെ കൊല ചെയ്ത കേസിൽ പ്രതിയെ പിടികൂടിയെങ്കിലും ഗോവയിൽ വിദേശികൾക്കുള്ള അരക്ഷിതാവസ്ഥയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 2016 ലാണ് കൊല്ലപ്പെട്ട സ്ത്രീ ആദ്യമായി ഗോവയിലെത്തുന്നത്. ഇത്തവണ ഹോളിയുടെ ഭാഗമായി രണ്ട് ദിവസത്തെ അവധിക്കാണ് ഇവർ ഇവിടെ എത്തിയത്.

അതേസമയം യുവതി പ്രതിയായ വികാസ് ഭഗതിനൊപ്പം പാലോലം ബീച്ചിൽ വന്നിരുന്നതായി സാക്ഷിമൊഴികളുണ്ട്. ഇവിടെ ഒരു ബാറിൽ ഇരുവരും ബാർ ഉടമയുമായി തർക്കിച്ചതായി ഗോവയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. വാഹനത്തിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം 200 ലധികം വിദേശികൾ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രാർത്ഥനാ യോഗം ചേർന്നു. ഇവർ ഇവിടെ മെഴുകുതിരികൾ കത്തിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ മാതാപിതാക്കൾ ഈ ചടങ്ങിന് നന്ദി അർപ്പിച്ചുകൊണ്ട് പ്രസ്താവന ഇറക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ