ഡബ്ളിന്‍: ഗര്‍ഭച്ഛിദ്ര നിരോധനവുമായി ബന്ധപ്പെട്ട് അയര്‍ലൻഡിൽ നടന്ന ഹിതപരിശോധനയില്‍ വിധിയായി. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടി. കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശിയായ ഡോക്ടര്‍ സവിതാ ഹാലപ്പനാവറിന്റെ ദാരുണാന്ത്യമാണ് ചരിത്രപരമായ ഈ വിധിയിലേക്ക് ഐറിഷ് ജനതയെ നയിച്ചത്. ഗര്‍ഭച്ഛിദ്രം നിമവിരുദ്ധമാണെന്ന് പറയുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതിയിലാണ് ഇതോടെ മാറ്റം വരുന്നത്.

2012 ഒക്ടോബറിലാണ് ഗര്‍ഭച്ഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ മരിക്കുന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഗാല്‍വെയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു സവിത. ഛര്‍ദ്ദിയും ശാരീരികാവശതകളും ആരംഭിച്ചപ്പോള്‍ ഇവര്‍ ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ നിഷേധിക്കുകയായിരുന്നു. ഏഴുദിവസത്തെ നരകയാതനയ്ക്കു ശേഷമാണ് സവിത മരണത്തിനു കീഴടങ്ങിയത്. ഈ സംഭവം, നിയമത്തിനെതിരെ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി.

‘ഒടുവില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചിരിക്കുന്നു,’ എന്നാണ് വാര്‍ത്തയോട് സവിതയുടെ പിതാവ് അന്തനപ്പ യാലഗി പ്രതികരിച്ചത്. ‘ഞങ്ങള്‍ക്കുണ്ടായ അനുഭവം ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത് എന്നതുമാത്രമാണ് എന്റെ ആഗ്രഹം,’ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് 2013ല്‍, അമ്മയുടെ ജീവന് ഭീഷണിയാകുന്ന ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രമാകാമെന്ന നിമഭേദഗതി നിലവില്‍ വന്നു. രാജ്യത്തെ നിയമങ്ങള്‍ പ്രകാരം ഗര്‍ഭച്ഛിദ്രം 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ