scorecardresearch

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്കുള്ള സർവീസുകൾ എപ്പോൾ?

സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് വിൽപ്പന ഇല്ല

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഓൺലെെൻ ടിക്കറ്റ് ബുക്കിങ് ആറ് മണി മുതൽ. ഇന്നു വെെകീട്ട് നാല് മുതലാണ് ഓൺലെെൻ ബുക്കിങ് ആരംഭിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മേയ് 12 ചൊവ്വാഴ്‌ച (നാളെ) മുതലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. റെയിൽവെ സ്റ്റേഷനുകളിൽ എത്താൻ പ്രത്യേക പാസ് ആവശ്യമില്ല, ഓൺലെെനായി ബുക്ക് ചെയ്‌ത ടിക്കറ്റ് കാണിച്ചാൽ മതി. ടിക്കറ്റ് ഉറപ്പായവർക്ക് മാത്രമേ റെയിൽവെ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് വിൽപ്പന ഇല്ല. ഐആർസിടിസിയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും സെെറ്റിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഐആർസിടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

കേരളത്തിലേക്കുള്ള സർവീസുകൾ

ആഴ്‌ചയിൽ മൂന്ന് സർവീസുകളാണ് കേരളത്തിലേക്ക് ഉള്ളത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസ്. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലാണ് കേരളത്തിലേക്കുള്ള ട്രെയിനുകൾ. മേയ് 13 ബുധനാഴ്‌ചയാണ് ആദ്യ സർവീസ്. രാവിലെ 10.55 ന് ട്രെയിൻ പുറപ്പെടും. തൊട്ടടുത്ത ദിവസം രാവിലെ 5.25 ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തും. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുകളുണ്ട്. സ്‌പെഷ്യൽ രാജധാനി എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്.

Read Also: തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയതിന് പകരം സര്‍ക്കാരുകള്‍ ചെയ്യേണ്ടിയിരുന്നത് എന്താണ്‌?

കേരളത്തിൽ നിന്നുള്ള സർവീസുകൾ

മേയ് 15 നാണ് കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യ സർവീസ്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കേരളത്തിൽ നിന്നുള്ള സർവീസുകൾ. രാത്രി 7.15 നു ട്രെയിൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. തൊട്ടടുത്ത ദിവസം 12.40 നാണ് ട്രെയിൻ ഡൽഹിയിൽ എത്തുക.

രാജ്യത്തെ ആകെ സർവീസുകൾ

എല്ലാ ട്രെയിനുകളും രാജ്യ തലസ്ഥാനമായ ന്യഡൽഹിയിൽ യാത്ര ആരംഭിക്കുന്നതോ അവസാനിപ്പിക്കുന്നതോ ആയിരിക്കും. 15 ജോഡി ട്രെയിൻ സർവീസുകളാണ് രാജ്യത്തുള്ളത്. ട്രെയിനുകൾക്ക് ജനറൽ ബോഗി ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, അസം, ബിഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, ഝാർഘണ്ട്, തൃപുര, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലെ 15 സ്റ്റേഷനുകളെ ഡൽഹിയുമായി ബന്ധിപ്പിച്ചാണ് ട്രെയിനുകൾ. എസി ത്രി ടയർ കോച്ചിൽ 52 യാത്രക്കാരെയും എസി ടു ടയർ കോച്ചിൽ 48 യാത്രക്കാരെയും മാത്രമാണ് അനുവദിക്കുക.

മറ്റ് പ്രധാന മാർഗനിർദേശങ്ങൾ

1. ട്രെയിനുകളിൽ കയറാൻ യാത്രക്കാർ 90 മിനിറ്റ് മുൻ‌കൂട്ടി സ്റ്റേഷനുകളിൽ എത്തണം.

2. എല്ലാ യാത്രക്കാരെയും നിർബന്ധിതമായി പരിശോധിക്കും.

3. രോഗ ലക്ഷണമില്ലാത്ത യാത്രക്കാർക്ക് മാത്രമേ ട്രെയിനിൽ കയറാൻ അനുവാദമുള്ളൂ.

4. ബോർഡിംഗിലും യാത്രയിലും എല്ലാ യാത്രക്കാരും സാമൂഹിക അകലം പാലിക്കണം.

5. എല്ലാ യാത്രക്കാരും പ്രവേശന സമയത്തും യാത്രയ്ക്കിടയിലും മുഖാവരണം ധരിക്കണം.

6. സ്ഥിരീകരിച്ച ഇ-ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കൂ.

7. റെയിൽ‌വെ സ്റ്റേഷനിലേക്കും പുറത്തേക്കും യാത്രക്കാരെ കയറ്റി വരുന്ന വാഹനത്തിന്റെ ഡ്രൈവറെയും യാത്രക്കാരെയും സ്ഥിരീകരിച്ച ഇ-ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അകത്തേക്ക് പ്രവേശിക്കുക.

8. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അതാത് സംസ്ഥാനങ്ങളിലെ നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണ്.

9. അണുബാധ ഉണ്ടാകാതിരിക്കാൻ യാത്രക്കാർ സ്വന്തം ഭക്ഷണം, പുതപ്പ്, ബെഡ്ഷീറ്റുകൾ എന്നിവ വീട്ടിൽ നിന്ന് കൊണ്ടുവരണം. റെയിൽവെ ഇതൊന്നും നൽകില്ല.

10. പ്രീ-പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ബിസ്കറ്റ് മുതലായവ ഓൺബോർഡ് കാറ്ററിങ് സ്റ്റാഫിൽ നിന്ന് ലഭ്യമാകും, അവ എയർലൈൻസ് ചെയ്യുന്നതുപോലെ ആവശ്യമുള്ള യാത്രക്കാർ പണം നല്‍കി വാങ്ങേണ്ടതാണ്. സ്വന്തമായി ഭക്ഷണം കൊണ്ടുവരാൻ കൂടുതൽ ശ്രദ്ധിക്കണം.

11. എല്ലാ യാത്രക്കാർക്കും സ്റ്റേഷനുകളിലും കോച്ചുകളിലും ഹാൻഡ് സാനിറ്റൈസർ നൽകും.

12. ട്രെയിൻ യാത്രക്കാർ ആരോഗ്യസേതു ആപ്ലിക്കേഷൻ മൊബെെൽ ഫോണുകളിൽ ഡൗണ്‍ലോഡ് ചെയ്യണമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.

Read Also: ക്രമരഹിതമായ ഉറക്കം കുട്ടികളിലെ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാമെന്ന് പഠനം

സ്റ്റേഷനുകളിൽ കർശന നിയന്ത്രണം

ഇടവേളക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് റെയിൽവെ സ്റ്റേഷനിൽ നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ചത്. ഡൽഹിയിൽ നിന്നും മെയ്‌ 13ന് പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട്, എറണാകുളം ജങ്‌ഷൻ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണ് നിർത്തുക. എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങൾ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. കെഎസ്‌ആർടിസി ബസുകളും ടാക്‌സി സംവിധാനവും അതിനായി ക്രമീകരിക്കും.

കോവിഡ് ഭീഷണിയെത്തുടർന്ന് 50 ദിവസമായി രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്. ലോക്ക്ഡൗൺ കാലാവധിയിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള നോൺ സ്റ്റോപ് ട്രെയിനുകൾ മാത്രമാണ് ഇതുവരെ ഓടിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Irctc special train list route stopping stations ticket booking fares updates indian railways trainsresume service on may 12