ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സി ടി സി) അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ കോടതിയെ സമീപിച്ചു.
അപേക്ഷയില്‍ സെപ്റ്റംബര്‍ 28-നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവിനു പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ നോട്ടീസ് അയച്ചു.
രണ്ട് ഐ ആര്‍ സി ടി സി ഹോട്ടലുകളുടെ പ്രവര്‍ത്തന കരാര്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 2018 ഒക്ടോബറിലാണു തേജസ്വി യാദവിനു കോടതി ജാമ്യം അനുവദിച്ചത്. തേജസ്വിക്കു പുറമെ മാതാവും ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയായ റാബ്റി ദേവിക്കും ജാമ്യം ലഭിച്ചിരുന്നു.
ലാലുപ്രസാദ് യാവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ, 2004ൽ റാഞ്ചിയിലെയും പുരിയിലെയും ഐ ആർ സി ടി സി ഹോട്ടലുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകിയതിനു കൈക്കൂലിയായി പാറ്റ്നയിൽ ബിനാമി പേരിൽ മൂന്നേക്കർ ഭൂമി നേടിയെന്നാണു കേസ്.
ഓഗസ്റ്റ് 10നാണു ബിഹാറിൽ ബി ജെ പി സഖ്യം വിട്ടുന്ന നിതീഷ് കുമാറിന്റെ ജെ ഡി യുമായി ചേർന്ന് തേജസ്വി യാദവ് നയിക്കുന്ന ആർ ജെ ഡി സർക്കാർ രൂപീകരിച്ചത്. നിതീഷ് കുമാർ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായാണു സർക്കാർ പ്രവർത്തിക്കുന്നത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 75 സീറ്റുകളുള്ള ആര്‍ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ ഡി യു 43 സീറ്റാണുള്ളത്.
സർക്കാർ രൂപീകരണത്തിനുപിന്നാലെ രാഷ്ട്രീയപ്രതിയോഗികളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നതിനെ തേജസ്വി പരിഹസിച്ചിരുന്നു. ഇ ഡി, സി ബി ഐ, ആദായാനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു തന്റെ വീട്ടിലേക്ക് സ്വാഗതമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആവശ്യമെങ്കിൽ തന്റെ വീട്ടിൽ ഒരു ഓഫിസും തുടങ്ങാം.. കേന്ദ്ര ഏജൻസികൾ ബിജെപി പാർട്ടി സെൽ പോലെയാണ് പ്രവർത്തിക്കുന്നതെന്നും തേജസ്വി പറഞ്ഞിരുന്നു.