ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനായി നിങ്ങളുടെ പക്കല്‍ റിസര്‍വ് ചെയ്ത ഒരു ടിക്കറ്റുണ്ട്. എന്നാല്‍ മറ്റെന്തെങ്കിലും കാരണം കൊണ്ട് നിങ്ങള്‍ക്ക് യാത്ര ഉപേക്ഷിക്കേണ്ടിവരുന്നു. അങ്ങനെ വരികയാണ് എങ്കില്‍ മറ്റൊരാള്‍ക്കോ നിങ്ങളുടെ കുടുംബത്തിലെ ഒരാള്‍ക്കോ തന്നെ നിങ്ങളുടെ ടിക്കറ്റ് കൈമാറാം. ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച ഈ പുതിയ സൗകാര്യം ഉപയോഗപ്പെടുത്തേണ്ടത് ഇങ്ങനെയൊക്കെയാണ്.
# പ്രധാനപ്പെട്ട സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് ഇതിനുള്ള അംഗീകാരമുണ്ട്. ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ മുഖാന്തിരം റിസര്‍വ് ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് കൈമാറാനാകും.
# ജോലിയുടെ ഭാഗമായി യാത്ര പോകുന്ന സര്‍ക്കാര്‍ ജീവനക്കാരന് ആണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പായി മാറ്റം അപേക്ഷിച്ചുകൊണ്ട് ഒരു കത്ത് നല്‍കേണ്ടതുണ്ട്. കത്ത് പരിഗണിച്ചുകൊണ്ട് ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി ലഭിക്കും.
# അച്ഛന്, അമ്മ, സഹോദരന്, സഹോദരി, മകന്, ഭര്‍ത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലുള്ള മറ്റാര്‍ക്കെങ്കിലും ടിക്കറ്റ് കൈമാറാനാക്കും. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പായി മാറ്റം അപേക്ഷിച്ചുകൊണ്ട് ഒരു കത്ത് നല്‍കുക മാത്രമാണ് ഇതിനായി യാത്രക്കാരന് ചെയ്യേണ്ടത്.
# അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഈ സൗകര്യം ലഭ്യമാകും. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പായി സ്ഥാപനത്തിലെ ഉന്നതാധികാരിയുടെ പക്കല്‍ നിന്നും മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിക്കുകയാണ് എങ്കില്‍ അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലേക്ക് ടിക്കറ്റ് മാറ്റി നല്‍കും.
# യാത്രക്കാര്‍ ഒരു കല്യാണ പാര്‍ട്ടിയിലെ അംഗങ്ങള്‍ ആണ് എങ്കില്‍ ഏതെങ്കിലും ഒരാള്‍ കൂട്ടത്തില്‍ പ്രധാനി എന്ന് കാണിച്ചുകൊണ്ട് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുന്‍പായി കത്ത് നല്‍കുകയാണ് എങ്കില്‍ മാറ്റം പരിഗണിക്കപ്പെടും.
# നാഷണല്‍ കാഡറ്റ് കോര്‍പ്സ് (എന്‍സിസി) അംഗങ്ങള്‍ക്കും ഈ സൗകര്യം ലഭ്യമാകും. ഇതിനായി ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സംഘത്തിലെ ഏതെങ്കിലും ഓഫീസര്‍ ഒരു അപേക്ഷ നല്കിയാല് മതിയാകും.
എന്നാല്‍ ഒറ്റ തവണ മാത്രമേ റിസര്‍വേഷന്‍ മാറ്റാനുള്ള അവസരം നല്‍കൂ എന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. എന്‍സിസി, വിദ്യാര്‍ഥികളുടെ സംഘം, കല്യാണ പാര്‍ട്ടി എന്നിവരുടെ കാര്യത്തില്‍ സംഘത്തിലെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പേര് മാറ്റം ആവശ്യപ്പെട്ടാല്‍ അനുവദിക്കേണ്ടതില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook