മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ഓഹരി വിപണിയിലേക്ക് കടന്നു. ഐആർസിടിസിയുടെ പ്രഥമ ഓഹരി വിൽപന ഇന്നു തുടങ്ങി. ഒക്ടോബർ മൂന്നിനു ഓഹരി വിൽപന അവസാനിക്കും. പ്രതി ഓഹരി വില 315-320 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
ഐആര്‍സിടിസിയുടെ ഐപിഒ (Initial Public Offer) വഴി 645 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഐപിഒ വഴി 2,01,60,000 ഓഹരികളാണ് വിറ്റഴിക്കുക. സർക്കാരിന്റെ ഈ സാമ്പത്തിക വർഷത്തെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമാണ് ഐആർസിടിസിയുടെ ഐപിഒ.
Read Also: വിനോദ സഞ്ചാരികൾക്കായി ഐആർസിടിസിയുടെ ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ
ട്രെയിനുകളിൽ കാറ്ററിങ് സേവനങ്ങൾ നൽകാനും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനും റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പാക്കേജുചെയ്ത കുടിവെള്ളം നൽകാനും ഇന്ത്യൻ റെയിൽവേ ഐആർസിടിസിക്ക് അധികാരം നൽകിയിട്ടുണ്ട്. 2019 സാമ്പത്തിക വർഷത്തിൽ ഐആർസിടിസിയുടെ വിൽപന 1,899 കോടിയായി ഉയർന്നു, ലാഭം 23.5 ശതമാനം വർധിച്ച് 272.5 കോടി രൂപയായെന്ന് ഓഗസ്റ്റിൽ സെബിക്ക് ഐആർസിടിസി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.