ഇനിമുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോരുമെന്ന ആശങ്ക വേണ്ട. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ആവശ്യക്കാരുടെ വീട്ടിലെത്തിക്കുന്ന സംവിധാനം നിലവില്‍ വന്നു. റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം നിയന്ത്രിക്കുന്ന ഐആര്‍സിടിസിയാണ് പേ ഓണ്‍ ഡെലിവറി സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ആവശ്യക്കാരുടെ പക്കലെത്തുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതിയാകും. ഇത് പണമായോ, കാര്‍ഡായോ നല്‍കാനുള്ള സൗകര്യവും ഐആര്‍സിടിസി ഒരുക്കിയിട്ടുണ്ട്. കാർഡുകൾ ഉപയോഗിക്കാത്തവർക്കും ഈ​ സംവിധാനം കൊണ്ട് പ്രയോജനമുണ്ടാകും.

ആദ്യ ഘട്ടത്തില്‍ രാജ്യത്താകമാനമുള്ള 600 നഗരങ്ങളിലാണ് പേ ഓണ്‍ ഡെലിവറി നടപ്പിലാക്കുന്നത്. നിലവില്‍ യാത്ര പുറപ്പെടുന്നതിന് 5 ദിവസം മുന്നെ വരെയുള്ള ടിക്കറ്റുകള്‍ ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 5000 രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് 90 രൂപയും, അയ്യായിരത്തിന് മുകളിലുള്ള ടിക്കറ്റുകള്‍ വീട്ടിലെത്തിക്കുന്നതിന് 120 രൂപയുമാണ് ഐആര്‍സിടിസി ഈ സേവനത്തിന് ഈടാക്കുന്നത്.

നിലവിലുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് രീതിയില്‍ നിന്നും പേ ഓണ്‍ ഡെലിവറിക്ക് കാര്യമായ വ്യത്യാസം ഇല്ല. യാത്രാ വിശദാംശങ്ങളും ട്രെയിന്‍ വിവരങ്ങളും നല്‍കിയ ശേഷം പണമടയ്ക്കാനുള്ള പേജില്‍ ‘പേ ഓണ്‍ ഡെലിവറി’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി ഒറ്റത്തവണ റജിസ്റ്റര്‍ ചെയ്യണം.

ഇത്തരത്തില്‍ ബുക്കു ചെയ്യപ്പെടുന്ന ടിക്കറ്റുകള്‍ സ്വീകരിക്കാതിരിക്കുകയോ, റദ്ദ് ചെയ്യുകയോ ചെയ്താല്‍, റദ്ദാക്കല്‍ നിരക്കും, ഐആര്‍സിടിസിയുടെ സേവന നിരക്കും നല്‍കേണ്ടി വരും. ഇത് നല്‍കാത്തവരുടെ ഐആര്‍സിടിസി ഐഡി റദ്ദ് ചെയ്യുന്നതിന് പുറമെ കക്രെഡിറ്റ് വെരിക്കേഷൻ സംവിധാനമായ സിബില്‍ സ്‌കോറിനേയും ബാധിക്കും. ഇത്തരത്തില്‍ ബുക്ക് ചെയ്യപ്പെടുന്ന ടിക്കറ്റുകള്‍ പിന്നീട് റദ്ദ് ചെയ്താലും ബാക്കി പണം ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുക.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇല്ലാത്തവരും ഇത് ഉപയോഗിക്കാൻ ബുദ്ധിമുട്ടളളവരും നിലവിൽ ബുക്കിങ് ഏജന്റുമാരേയോ, ബുക്കിങ് കൗണ്ടറുകളേയോ ആണ് ആശ്രയിക്കുന്നത്. പേ ഓണ്‍ ഡെലിവറിയിലൂടെ ഇത്തരക്കാരെ കൂടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഐആര്‍സിടിസി പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook