ന്യൂഡൽഹി: കൂടുതല്‍ എളുപ്പത്തില്‍, ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ഐആര്‍സിടിസി ഡോട്ട് കോം. തിങ്കളാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വെബ്‌സൈറ്റ് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനു മുമ്പ് 2014ലായിരുന്നു അവസാനമായി ഐആര്‍സിടിസി തങ്ങളുടെ വെബ്‌സൈറ്റ് പുതുക്കിയത്. രാജ്യാന്തര യാത്രാ വെബ്‌സൈറ്റുകളുടെ നിലവാരത്തോടെ, കാഴ്‌ചയില്‍ കൂടുതല്‍ പ്രഫഷണലായാണ് വെബ്‌സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. റെയില്‍വേ സോഫ്റ്റ്‌വെയര്‍ സംഘമായ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് ഇതു ചെയ്തിരിക്കുന്നത്. ട്രെയിനുകള്‍ തിരയുന്നതിനായി ഇനി ഉപയോക്താക്കള്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കി ലോഗ് ഇന്‍ ചെയ്യേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനം.

ട്രെയിന്‍ വരുന്നതും പോകുന്നതുമായ സമയം, ക്ലാസ്, ട്രെയിന്‍, ക്വാട്ട എന്നിവയുടെ അടിസ്ഥാനത്തില്‍ തിരയുകയും യാത്രകള്‍ പ്ലാന്‍ ചെയ്യുകയുമാകാം. പുതിയ വെബ്‌സൈറ്റില്‍ ഒരേസമയം 1.2 ലക്ഷം ഉപയോക്താക്കള്‍ക്ക് ലോഗ് ഇന്‍ ചെയ്ത് ഉപയോഗിക്കാം. ഒരു ദിവസം ഒമ്പതു ലക്ഷം ടിക്കറ്റുകളാണ് പ്രദാനം ചെയ്യുന്നത്.

പുതിയ സൗകര്യങ്ങള്‍:

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത്, യാത്രക്കാരുടെ ആവശ്യാനുസരണം വിവരങ്ങള്‍ ചേര്‍ക്കുന്നതിനായി കാര്‍ഡുകള്‍ അനുവദിക്കും. നേരത്തേ വിവരങ്ങള്‍ പൂരിപ്പിച്ച കാര്‍ഡുകള്‍ നല്‍കുന്നതിലൂടെ പെട്ടെന്നുള്ള ബുക്കിങ് സാധിക്കും.

മൈ പ്രൊഫൈല്‍ സെക്ഷനിലെ പേയ്‌മെന്റ് ഓപ്ഷനില്‍ ആറ് ബാങ്കുകളോളം മാര്‍ക്ക് ചെയ്യാവുന്നതാണ്. പണമടച്ചു കഴിയുന്നതോടെ ബുക്കിങ് വിവരങ്ങള്‍ നല്‍കും.

മൈ ട്രാന്‍സാക്ഷന്‍സ് എന്നൊരു പുതിയ സംവിധാനവും നല്‍കിയിട്ടുണ്ട്. യാത്രയുടെ തീയതി, ബുക്ക് ചെയ്ത തീയതി, ഇനി വരാന്‍ പോകുന്ന യാത്രകള്‍, ഇതുവരെ നടത്തിയ യാത്രകള്‍ എന്നിവയുടെ എല്ലാം വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

ബുക്ക്ഡ് ഹിസ്റ്ററി വഴി ടിക്കറ്റ് ക്യാന്‍സലേഷന്‍, പ്രിന്റിങ്, ടിക്കറ്റ് എസ്എംഎസായി നല്‍കാന്‍ ആവശ്യപ്പെടല്‍ എന്നിവ സാധിക്കും. ഇതിനായി വികല്‍പ് എന്നൊരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ട്രെയിന്‍ കയറുന്ന സ്റ്റേഷനില്‍ മാറ്റം വരുത്താം. വെബ്‌സൈറ്റിലെ എല്ലാ പേജുകളിലും യാത്രക്കാരെ സഹായിക്കാനായുള്ള ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ