ബാഗ്ദാദ്: ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂര്‍ണമായും തുരത്തിയതായി പ്രധാനമന്ത്രി ഹൈദർ അൽ അബാദി. ഭീകരര്‍ക്കെതിരായ പോരാട്ടം അവസാനിപ്പിച്ചുവെന്നും സർക്കാർ പ്രഖ്യാപിച്ചു. ഐഎസിന്റെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളിൽനിന്നെല്ലാം അവരെ തുരത്തിയശേഷമാണ് മൂന്നു വർഷമായി തുടർന്ന പോരാട്ടം അവസാനിപ്പിക്കുന്നതെന്നാണ് ഇറാഖ് വ്യക്തമാക്കുന്നത്.
സിറിയയിൽ ഐസിസിനെതിരെയുള്ള തങ്ങളുടെ പോരാട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് രണ്ടു ദിവസം മുമ്പ് റഷ്യൻ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇറാഖ്- സിറിയ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും അദ്ദേഹം അറിയിച്ചു.
2014ലാണ് ഐഎസ് ഇറാക്കിന്റെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് ഖിലാഫത്ത് സ്ഥാപിച്ചത്. ഇറാക്കിന്റെ മൂന്നിലൊന്നു ഭാഗങ്ങളുടെ നിയന്ത്രണം ഐഎസ് കൈയടക്കി. ഇതേതുടർന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കൊപ്പം ഇറാക്കി സൈന്യം ഐഎസിനെ തുരത്താൻ ശ്രമിക്കുകയായിരുന്നു.
നവംബറിൽ ഐഎസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന ഇറാക്കി നഗരമായ റാവ തിരിച്ചുപിടിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു. ഇതിനുശേഷം അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടികളിലായിരുന്നു സൈന്യം. ഐഎസുമായുള്ള നേരിട്ടുള്ള യുദ്ധം തങ്ങൾ ഇപ്പോൾ അവസാനിപ്പിക്കുകയാണ്. എന്നാൽ ഐഎസ് ഗ്രൂപ്പിന്റെ ആശയങ്ങളോടുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ഹൈദർ അൽ അബാദി പറഞ്ഞു.