ടെഹ്റാൻ: അഫ്ഗാനിസ്ഥാന്റെ സഹകരണത്തോടെ ഇന്ത്യ ഇറാനില്‍ നിർമിച്ച ചബാഹർ തുറമുഖം ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഉദ്ഘാടനം ചെയ്തു. ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാന്‍ വഴി ചരക്ക് കടത്താന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് ഏറെ ഗുണപ്രദമാണ് പുതിയ തുറമുഖം. 500 മില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ചാണ് തുറമുഖം നിര്‍മ്മിച്ചത്.

2018 അവസാനത്തോടെ തുറമുഖം വഴി ചരക്ക് നീക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും അഫ്ഗാനിസ്ഥാനും കൂടാതെ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യക്ക് എളുപ്പത്തില്‍ ചരക്ക് നീക്കം സാധ്യമാകും. പാക്കിസ്ഥാനിൽ ചൈനയുടെ സഹായത്തോടെ നിർമിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ മൂന്നിരട്ടി വലിപ്പവും പ്രവർത്ത ശേഷിയുമുള്ള തന്ത്രപ്രധാന തുറമുഖമാണ് ചബാഹർ. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.

കഴിഞ്ഞ വർഷം മേയിൽ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ക്ഷണം സ്വീകരിച്ച് ഇറാൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചബാഹർ തുറമുഖം സംബന്ധിച്ച കരാറൊപ്പിട്ടത്. ഇതുകൂടാതെ അഫ്ഗാനിസ്ഥാനിലെ നാല് പ്രധാന നഗരങ്ങളെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സറഞ്ച് – ഡെലാറാം റോഡ് ശൃംഖലയും ഇന്ത്യ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ