ടെഹ്റാൻ: ഉക്രൈന്രെ യാത്രവിമാനം മിസൈൽ ആക്രമണത്തിൽ തകർത്തതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്. ടെഹ്റാനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കൂടിയാണ് കുറ്റസമ്മതം വഴിവച്ചിരിക്കുന്നത്. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയും മറ്റു നേതാക്കളും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ടെഹ്റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലക്ക് മുന്നില്‍ നൂറു കണക്കിന് ആളുകളാണ് തങ്ങളുടെ തന്നെ നേതാക്കൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധ സാഹചര്യങ്ങൾ കണക്കിലെടുത്തു ടെഹ്റാനിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നു വൈകിട്ടോട പ്രതിഷേധം ശക്തമാകുമെന്ന വിവരത്തെ തുടർന്നു ടെഹ്റാനിലെ വാലി–ഇ–അസർ സ്ക്വയറിലും വൻ പൊലീസ് സന്നാഹമാണ് നിയോഗിച്ചിരിക്കുന്നത്.
Also Read: അബദ്ധം പറ്റി; ഉക്രൈൻ വിമാനം അറിയാതെ വെടിവെച്ചിട്ടതെന്ന് ഇറാൻ
അതേസമയം മിസൈൽ ആക്രമണത്തിന്റെ തെളിവുകൾ കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഇറാൻ ഉത്തരവാദിത്തം ഏറ്റെടുക്കില്ലായിരുന്നുവെന്ന ആരോപണവുമായി ഉക്രൈൻ രംഗത്തെത്തി. ഇറാന്റെ പെരുമാറ്റത്തെ ഉക്രൈൻ അപലപിച്ചു.
കഴിഞ്ഞ ദിവസമാണ് ടെഹ്റാന് ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രൈന് തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനം വെടിവെച്ചിട്ടത് മനഃപൂർവ്വമല്ലെന്ന് ഇറാൻ കുറ്റസമ്മതം നടത്തിയത്. ടെഹ്റാൻ പ്രാന്തപ്രദേശത്ത് ബോയിംഗ് 737 വിമാനാപകടത്തിൽ 176 പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇറാൻ കുറ്റസമ്മതം നടത്തിയതും.
Also Read: നിയമലംഘനങ്ങൾ നിലംപൊത്തി; നാലാമത്തേതും ‘ഫ്ലാറ്റ്’, സർക്കാർ നാളെ കോടതിയിലേക്ക്
സംഭവത്തിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി ഖേദം പ്രകടിപ്പിച്ചു. “ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ഈ വിനാശകരമായ തെറ്റിൽ ഖേദിക്കുന്നു. ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുന്നു,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.