scorecardresearch
Latest News

ഇറാനില്‍ ജനകീയ പ്രതിഷേധം ശക്തം; ഭരണകൂടത്തിനുമേല്‍ സമ്മര്‍ദവുമായി വിദ്യാര്‍ഥി പ്രക്ഷോഭം

‘അനുചിതമായ’ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇറാനിയന്‍-കുര്‍ദിഷ് വനിത മഹ്‌സ അമിനി ഏഴാഴ്ച മുമ്പ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്

iran protests, iran university students strike, iran mahsa amini, ie malayalam

ദുബായ്: ഇറാനില്‍ 1979 ലെ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഇന്നു കുത്തിയിരപ്പ് സമരം നടത്തി. സുരക്ഷാ സേനയുടെ കടുത്ത മുന്നറിയിപ്പുകളും രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലും അവഗണിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ഥി പ്രക്ഷോഭം.

‘അനുചിതമായ’ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇറാനിയന്‍-കുര്‍ദിഷ് വനിത മഹ്‌സ അമിനി ഏഴാഴ്ച മുമ്പ് മത പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമിന്റെ മരണത്തിന് ആഹ്വാനം ചെയ്യുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനമായ ടെഹ്റാന്‍, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ പ്രക്ഷോഭം നടക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി (എച്ച് ആര്‍ എ എന്‍ എ)യെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ മതനേതൃത്വത്തിനെതിരായ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ശക്തമായ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. ഇറാന്റെ വിദേശ ശത്രുക്കള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കുമേല്‍ അശാന്തിയുടെ കുറ്റം ചുമത്താന്‍ ശ്രമിച്ച അധികാരികളെ നിരാശരാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

”ആളുകള്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി തെരുവിലിറങ്ങുന്നു. ഭരണകൂടത്തെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന അവരുടെ പ്രതീക്ഷ ഭയത്തേക്കാള്‍ വളരെ വലുതാണ്,” ഡെമോക്രസി ഫോര്‍ അറബ് വേള്‍ഡ് നൗ(ഡോണ്‍)വിലൈ മുതിര്‍ന്ന ഇറാന്‍ അനലിസ്റ്റ് ഒമിദ് മെമാരിയന്‍ പറഞ്ഞു.

1980 കളില്‍ ഇറാഖുമായുള്ള യുദ്ധത്തിലെ വീരന്റെ മകളായ അസീഹ് ബകേരി പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ആയിരങ്ങളില്‍ ഒരാളാണ്.

”അതെ, രക്തസാക്ഷികള്‍ ഞങ്ങളെ നോക്കുന്നു. പക്ഷേ അവര്‍ നിങ്ങളുടെ പൊതു ഖജനാവ് മോഷണം, ധൂര്‍ത്ത്, വിവേചനം, അടിച്ചമര്‍ത്തല്‍, നിരപരാധികളുടെ രക്തം ഒഴുക്കല്‍ എന്നിവയും നിരീക്ഷിക്കുന്നു. സമൂഹത്തില്‍ പ്രത്യേക സ്ഥാനമുള്ള കുടുംബങ്ങളില്‍ അസംതൃപ്തി എങ്ങനെ പടരുന്നുവെന്ന് അടിവരയിടുന്നു. നിങ്ങള്‍ ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നു. ചാരവൃത്തി ആരോപിച്ച് വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിച്ചിച്ചുകൊണ്ടിരിക്കുന്നു,” അസീഹ് പറഞ്ഞു.

സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും സ്ത്രീകളും പ്രക്ഷോഭത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. പ്രക്ഷോഭകര്‍ ശിരോവസ്ത്രം വീശുകയും കത്തിക്കുകയും ചെയ്യുന്നു.

പ്രതിഷേധങ്ങള്‍ക്കു പൗരോഹിത്യ ഭരണനേതൃത്വത്തെ താഴെയിറക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ വിശകലന വിദഗ്ധര്‍ക്കു സംശയമുണ്ടെങ്കിലും അത് നാടകീയമായ രാഷ്ട്രീയ മാറ്റത്തിലേക്കു നയിച്ചേക്കാവുന്ന നടപടിയായാണ് അവര്‍ വിലയിരുത്തുന്നത്.

”ഈ പ്രതിഷേധങ്ങളെ മാറ്റത്തിനായുള്ള ഒരു അവസരമായി കാണുന്നു … ഭാവിക്കായി അവര്‍ പ്രതീക്ഷിക്കുന്ന നിമിഷമാണിത്,’ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സനം വക്കില്‍ പറഞ്ഞു.

സനന്ദജ് നഗരത്തിലെ ബഹോനര്‍ മിഡില്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി എച്ച് ആര്‍ എ എന്‍ എ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iran university students strike rulers pressure