ന്യൂഡല്‍ഹി: ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത സ്റ്റെന ഇംപോറ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഴ് ജീവനക്കാരെ വിട്ടയക്കുമെന്ന് ഇറാന്. ഇറാന് ദേശീയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന് പിടിച്ചെടുത്ത കപ്പലില്‍ അഞ്ച് ഇന്ത്യക്കാരും ഒരു ലാത്വിയ സ്വദേശിയും ഒരു റഷ്യന്‍ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നത്. ഇവര്‍ കപ്പലില്‍ നിന്നിറങ്ങി.
ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ മൂന്ന് മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു.
Read Also: ആശങ്കകൾക്ക് അറുതി, കപ്പലിൽ കുടുങ്ങിയ മലയാളി മാതാപിതാക്കളുമായി സംസാരിച്ചു
ജൂലായ് 19 നാണ് കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. അതിനുശേഷം കപ്പിലിലുള്ളവർക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് ആറ് ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുള്ള സിജു വി.ഷേണായിയുടെയും ഡിജോ പാപ്പച്ചന്റെയും വീടുകളിലേക്ക് ഫോൺ കോൾ എത്തിയിരുന്നു. കപ്പലിൽ അകപ്പെട്ട രണ്ട് പേരും കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയം കപ്പലിൽ അകപ്പെട്ടവരെ വിട്ടുകിട്ടാനായി നിരന്തരം ഇടപെട്ടിരുന്നു.