ടെഹ്റാന്‍: അമേരിക്കയ്ക്കു മുഖമടച്ചു നല്‍കിയ അടിയാണ് ഇറാഖിലെ സൈനിക താവളങ്ങളിലേക്കു നടത്തിയ മിസൈലാക്രമണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.

”കഴിഞ്ഞ രാത്രി അമേരിക്കയ്ക്ക് മുഖമടച്ച് അടി നല്‍കി. എന്നാല്‍ ഈ സൈനിക നടപടി പര്യാപ്തമെന്നു കരുതുന്നില്ല. ഇപ്പോള്‍ നമ്മുടെ ഉത്തരവാദിത്തം എന്താണെന്നതാണു പ്രധാന പ്രശ്‌നം. മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കുകയാണു പ്രധാനം. ഇവിടെനിന്ന് അമേരിക്ക വിട്ടുപോകണം,” ഖമേനി പറഞ്ഞു.

ലഫ്റ്റനന്റ് ജനറല്‍ കാസിം സുലൈമാനി ധീരനും കാര്യപ്രാപ്തിയുമുള്ളവനുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നാടായ കോം പ്രവിശ്യയില്‍നിന്നുള്ള ആളുകളെ അഭിസംബോധന ചെയ്ത് ഖമേനി പറഞ്ഞു. യുദ്ധരംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും കാര്യശേഷിയുള്ള ആളായിരുന്നു സുലൈമാനിയെന്നും അദ്ദേഹം പറഞ്ഞു. ഖമേനിയുടെ പ്രസംഗം ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു.

Read Also: മിസൈൽ ആക്രമണത്തിൽ 80 ‘അമേരിക്കൻ തീവ്രവാദികൾ’ കൊല്ലപ്പെട്ടതായി ഇറാൻ

സൈനിക താവളങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്കയുടെ കാല്‍വെട്ടിയതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ”കാസിം സുലൈമാനിയെ വധിച്ചതിലൂടെ അമേരിക്ക ഇറാന്റെ കൈവെട്ടിയിരിക്കാം. എന്നാല്‍ തിരിച്ചടിയിലൂടെ മേഖലയിലെ അമേരിക്കയുടെ കാല്‍ വെട്ടി,”റൂഹാനി പറഞ്ഞതായി ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷസാധ്യത കൂട്ടാനോ യുദ്ധമോ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പറഞ്ഞു. എന്നാല്‍ ഏതു കടന്നാക്രമണത്തിനും തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖിലെ അമേരിക്കയുടെ അല്‍-അസദ്, താജി സൈനിക താവളങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതിനുപിന്നാലെ കാസിം സുലൈമാനിയുടെ ഖബറടക്കം നടന്നു. സംസ്‌കാരച്ചടങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മിസൈല്‍ ആക്രമണം നടത്തിയ കാര്യം ഒരു മണിക്കൂറിനു ശേഷം സംസ്‌കാരച്ചടങ്ങില്‍ ഉച്ചഭാഷിണിയിലൂടെ അറിയിച്ചപ്പോള്‍ ‘ദൈവം വലിയവനാണെ’ന്നു ആളുകള്‍ ഏറ്റുപറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ മേഖലയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കയോട് ടെലിവിഷന്‍ ഉപദേശിച്ചു.

Read Also: ഇറാൻ, ഇറാഖ്, ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികളോട് ഇന്ത്യ

അതേസമയം, ഇനി ഇറാഖിന്റെ ആദ്യ പ്രതികരണത്തിനുള്ള സമയമാണെന്ന് ഇറാഖി തീവ്രവാദി നേതാവ് ഖെയ്‌സ് അലി ഖസാലി പറഞ്ഞു. ”ഇറാന്റെ ആദ്യ പ്രതികരണം സംഭവിച്ചുകഴിഞ്ഞു. ഇനി ഇറാഖിന്റെ ആദ്യ പ്രതികരണത്തിനുള്ള അവസരമാണ്. ഇറാഖിന്റെ പ്രതികരണം ഇറാന്റേതിനേക്കാള്‍ കുറഞ്ഞതാവില്ല,”അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പശ്ചിമേഷ്യയിലെ ആയുധക്കളി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡേര്‍ ലെയെന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചയ്ക്ക് ഇപ്പോള്‍ സാധ്യതയുണ്ടെന്നു കരുതുന്നില്ലെന്ന് ഒമാന്‍ പ്രതികരിച്ചതായി ഒരു കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ബ്രിട്ടനും ജര്‍മനിയും അപലപിച്ചു. ആക്രമണത്തില്‍ ‘മരണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍ ബ്രിട്ടന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇറാഖില്‍ വിന്യസിച്ച 160 സൈനികരെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook