ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ മുസ്‌ലിംകൾക്കെതിരായ നടന്ന അക്രമത്തെ അപലപിച്ച് ഇറാൻ. ഡൽഹിയിലെ കലാപങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കുന്ന നാലാമത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇറാൻ.

ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ സംഘടിത അക്രമത്തിന്റെ അലയൊലിയെ അപലപിക്കുകയും വിവേകശൂന്യമായ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും വിദേശകാര്യ മന്ത്രി ജവാദ് സരീഫ് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇറാന്റെ അംബാസിഡര്‍ അലി ചെഗെനിയെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

നയതന്ത്രകാര്യ മന്ത്രി സാരിഫ് ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്. “ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ സംഘടിത അക്രമത്തിന്റെ അലയൊലിയെ ഇറാൻ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാൻ ഇന്ത്യയുടെ സുഹൃത്താണ്. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തണമെന്നും വിവേകശൂന്യമായ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഞങ്ങൾ ഇന്ത്യൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. സമാധാനപരമായ സംഭാഷണത്തിലും നിയമവാഴ്ചയിലുമാണ് മുന്നോട്ടുള്ള പാത. ”

Read More: വിവാഹിതനായ ഒരാളെ ഒരിക്കലും പ്രണയിക്കരുത്; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തൽ

കഴിഞ്ഞ ആഴ്ച കലാപത്തിനെതിരെ ഇന്തോനേഷ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാരിഫിന്റെ ട്വീറ്റ് വന്നത്. മലേഷ്യയും ബംഗ്ലാദേശും നേരത്തെ സി‌എ‌എയെയും എൻ‌ആർ‌സിയെയും വിമർശിച്ചിരുന്നു.

എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം വിദേശകാര്യ മന്ത്രാലയം മുമ്പ് തുർക്കിയുടെയും പാകിസ്ഥാന്റെയും പ്രസ്താവനകൾ നിരസിച്ചിരുന്നു. ഇറാന്റെ കാര്യത്തിൽ, അമേരിക്കയിൽ നിന്നുള്ള ഉപരോധം മൂലം ഇന്ത്യ രാജ്യത്ത് നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെങ്കിലും ചബഹാർ തുറമുഖത്ത് തുടർന്നും പ്രവർത്തിക്കുന്നുണ്ട്.

കലാപത്തെക്കുറിച്ചുള്ള ആശങ്ക ഇന്തോനേഷ്യ വെള്ളിയാഴ്ച ജക്കാർത്തയിലെ ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചിരുന്നു. മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് ശേഷമായിരുന്നു ഇത്.

തുർക്കി പ്രസിഡന്റ് എർദോഗൻ മുസ്ലീങ്ങളുടെ കൂട്ടക്കൊലകൾ ഇന്ത്യയിൽ വ്യാപകമാണെന്ന് ആരോപിച്ചിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കലാപത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook