ടെഹ്‌റാൻ: കൊറോണ വൈറസ് (കൊവിഡ് 19) ബാധ ആറ് പേരുടെ ജീവനെടുത്ത പശ്ചാത്തലത്തിൽ ഇറാൻ പന്ത്രണ്ടിൽ അധികം പ്രവിശ്യകളിലെ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളും സർവ്വകലാശാലകളും അടച്ചിട്ടു. മധ്യ നഗരമായ അരാക്കിൽ അടുത്തിടെ മരണമടഞ്ഞ ഒരു രോഗിയുടെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് മർകാസി പ്രവിശ്യയിലെ ഗവർണർ അലി അഗസാദെ പറഞ്ഞു.

ഇറാനിൽ ഇതുവരെ 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് ആറാമത്തെ മരണം തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ജീവൻ നഷ്ടപ്പെട്ടവരെല്ലാം ഇറാനിയൻ പൗരന്മാരാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2363 ആയി. 79000ത്തിലധികം പേർക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം വുഹാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസ‍‌ർക്കാർ ശ്രമം വൈകുന്നു. പ്രത്യേക വിമാനം ഇറക്കാൻ ചൈന ഇനിയും അനുമതി നൽകാത്തതാണ് കാരണം.

Read More: പാക് അനുകൂല മുദ്രാവാക്യം: അമൂല്യയ്ക്ക് തെറ്റുതിരുത്താൻ അവസരം നൽകണമെന്ന് പിതാവ്

647 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപുകാരെയും വുഹാനില്‍ നിന്ന് ആദ്യഘട്ടത്തിൽ ഡൽഹിയിലെത്തിച്ചിരുന്നു. അവശേഷിക്കുന്നവരെ കൊണ്ടുവരാനായി വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തയ്യാറാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായിയെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. ചൈനക്കുള്ള മരുന്നും മെഡിക്കല്‍ സാമഗ്രികളുമായി പോകുന്ന വിമാനം തിരികെ വരുമ്പോൾ അവിടെ കുടങ്ങിയവരെ കൂടി കൂടെ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചൈന കഴിഞ്ഞാൽ ഇറ്റലിയിലും, ദക്ഷിണ കൊറിയയിലുമാണ് കൊറോണ വൈറസ് കൂടുതൽ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ കൊറോണ ബാധിച്ച് 2 പേർ മരിച്ചു, 79 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ പത്ത് നഗരങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

കൊറോണ ഭീതിയിൽ നിരവധി ക്ലബ് ഫുട്ബോൾ മത്സരങ്ങളും നീട്ടിവച്ചു. 50000 ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഇസ്രായേലിലും, ലെബനനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. തെക്കൻ കൊറിയയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 433 ആയി. തെക്കൻ കൊറിയൻ പൗരൻമാർക്ക് ഇസ്രായേലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook