ടെഹ്റാൻ: പാക്കിസ്ഥാന് താക്കീതുമായി ഇറാൻ. 27 ഇറാൻ സൈനികർ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ പാക്കിസ്ഥാനാണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും മേജർ ജനറൽ മുഹമ്മദ് അലി ജാഫ്രി പറഞ്ഞതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഭീകരർക്ക് പാക് സൈന്യം സംരക്ഷണം നൽകുന്നത് അവസാനിപ്പിക്കണമെന്നും സൈനികരുടെ ജീവൻ നഷ്ടമായതിന് പാക്കിസ്ഥാൻ ഉറപ്പായും വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാൻ അതിർത്തിക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിൽ 27 റെവല്യൂഷണറി ഗാർഡുമാർ കൊല്ലപ്പെട്ടത്. ഇതിനുപിന്നിൽ പാക്കിസ്ഥാനാണെന്നാണ് ഇറാന്റെ ആരോപണം. ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കശ്മീരിലെ പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുപിന്നാലെ ഇന്ത്യയും പാക്കിസ്ഥാന് താക്കീത് നൽകിയിരുന്നു. ഇന്ത്യയ്ക്കു പിന്നാലെ അമേരിക്കയും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷാ താവളമാകരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദ സംഘടനകള്‍ക്കുള്ള പിന്തുണ നിഷേധിച്ചുകൊണ്ട് പാക്കിസ്ഥാന്‍ തങ്ങളുടെ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കണമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ