/indian-express-malayalam/media/media_files/uploads/2022/12/Iran-moral-police-crop.jpg)
രണ്ട് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മതകാര്യ പൊലീസിനെ പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. രാജ്യത്തെ കര്‍ശനമായ സ്ത്രീ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് തടങ്കലില്‍ കഴിഞ്ഞിരുന്ന മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
മതകാര്യ പൊലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതകാര്യ പൊലീസ് സേനയുടെ അവസ്ഥയെക്കുറിച്ചോ അതിന്റെ അടച്ചുപൂട്ടല്‍ വ്യാപകവും ശാശ്വതവുമാണോ എന്നതിനെക്കുറിച്ചോ അദ്ദേഹം കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റരീതികള്‍ ഭരണസംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും ജാഫര്‍ മൊണ്ടസെരി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മതകാര്യ പൊലീസ്, 'ഗാഷ്ത്-ഇ എര്‍ഷാദ്' അല്ലെങ്കില്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഗ്രൂപ്പ് 2005-ലാണ് സ്ഥാപിതമായത് രാജ്യത്തിന്റെ ഇസ്ലാമിക വസ്ത്രധാരണരീതി ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള ചുമതലയാണ് സേനയ്ക്കുണ്ടായിരുന്നത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്ന രാജ്യവ്യാപകമായ പ്രതിഷേധം സെപ്തംബര്‍ മുതല്‍ ഇറാനില്‍ അരങ്ങേറുകയായിരുന്നു. 22 കാരിയായ കുര്‍ദിഷ് യുവതി മഹ്സ അമിനിയുുടെ മരണം രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമാവുകയും ലോകം അപലപിക്കുകയും ചെയ്തു. മഹ്സ അമിനിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും, തടങ്കലില്‍ വച്ചതിന് ശേഷം അവളുടെ ശരീരത്തില്‍ ചതവുകളും മര്‍ദനത്തിന്റെ മറ്റ് ലക്ഷണങ്ങളും കാണിച്ചതായി അവരുടെ കുടുംബം ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.