scorecardresearch
Latest News

ഇറാൻ സംഘർഷം: മുൻ പരമോന്നത നേതാവ് ഖൊമേനിയുടെ വീടിന് തീയിട്ടതായി റിപ്പോർട്ട്

ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത മഹ്സ മരിച്ചതോടെയാണ് ഇറാനിൽ വ്യാപക പ്രതിഷേധം തുടങ്ങിയത്

ഇറാൻ സംഘർഷം: മുൻ പരമോന്നത നേതാവ് ഖൊമേനിയുടെ വീടിന് തീയിട്ടതായി റിപ്പോർട്ട്

ടെഹ്‌റാൻ: മഹ്സ അമിനിയുടെ മരണത്തിൽ ഇറാൻ പ്രതിഷേധം പടരുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനും ഇറാന്റെ മുൻ പരമോന്നത നേതാവുമായ അന്തരിച്ച ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടതായി റിപ്പോർട്ട്. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, ഖൊമേനിയുടെ വീടിന് തീയിട്ടതായുള്ള വാർത്തകൾ വാർത്താ ഏജൻസിയായ ടസ്‌നിം നിഷേധിച്ചു. കുറച്ച് ആളുകൾ അദ്ദേഹത്തിന്റെ വീടിനു പുറത്തു തടിച്ചു കൂടുക മാത്രമാണുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഒരു കെട്ടിടത്തിൽ തീ ആളിപ്പടരുമ്പോൾ നൂറുകണക്കിന് ആളുകൾ ആഹ്ലാദിക്കുന്നത് സോഷ്യൽ മീഡിയ വീഡിയോകളിൽ കാണാം. അതേസമയം, വീഡിയോകൾ ചിത്രീകരിച്ച തീയതികൾ സ്വതന്ത്രമായി പരിശോധിക്കാൻ റോയിട്ടേഴ്‌സിന് കഴിഞ്ഞിട്ടില്ല.

ഖൊമേനിയുടെ ജന്മസ്ഥലമായ ഖൊമെയ്ൻ നഗരത്തിലുള്ള അദ്ദേഹത്തിന്റെ പൂർവ്വിക ഭവനം ഇപ്പോൾ ഒരു മ്യൂസിയമാണ്. 1989 ലാണ് അദ്ദേഹം മരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഖൊമേനിയുടെ ഭവനത്തിന് തീയിട്ടതെന്ന് 1500തസ്‌വീർ എന്ന സോഷ്യൽ മീഡിയാ ചാനൽ ആരോപിച്ചു. എന്നാൽ ഈ റിപ്പോർട്ട് കള്ളമാണെന്നും ഖൊമേനിയുടെ വീടിന്റെ വാതിലുകൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നുവെന്നും വാർത്താ ഏജൻസി ടസ്‌നിം റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 13-നാണ് ശിരോവസ്ത്ര നിയമലംഘനത്തെ തുടർന്ന് മോറൽ പൊലീസ് (ഗൈഡൻസ് പട്രോൾ) കുർദിഷ് വംശജയായ ഇറാനിയൻ യുവതി മഹ്‌സ അമിനി (22)യെ അറസ്റ്റ് ചെയ്തത്. തുടർന്ന് മൂന്ന് ദിവസം കഴിഞ്ഞ് കസ്റ്റഡിയിലിരിക്കെ സെപ്റ്റംബർ 16 നാണ് ഇവർ മരിക്കുന്നത്. ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത മഹ്സ മരിച്ചതോടെയാണ് ഇറാനിൽ വ്യാപക പ്രതിഷേധം തുടങ്ങിയത്. ഖൊമേനിയുടെ പിൻഗാമി ആയത്തുല്ല അലി ഖാംനഇക്കെതിരെയും പ്രതിഷേധം വ്യാപകമാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iran protests social media videos show flames at home of late leader khomeini