വാഷിംഗ്‌ടൺ: നോർത്ത് കൊറിയയുമായുള്ള ആണവ കാര്യ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ ഇറാനെയും പ്രതിക്കൂട്ടിൽ നിർത്തി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് ഇറാനും അമേരിക്കയുടെ ശത്രുപട്ടികയിലാണ് എന്ന് വ്യക്തമായത്.

2015 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ഒപ്പുവച്ച ആണവ കരാറിനെ മുൻനിർത്തിയാണ് ഇറാനെതിരെ ആരോപണങ്ങളുമായി അമേരിക്ക രംഗത്ത് വന്നത്. ഇറാൻ കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ അമേരിക്ക, കരാർ ഭീതിജനകവും തെറ്റായ നിർദ്ദേശങ്ങൾ ഉള്ളതുമാണെന്ന് പറഞ്ഞു.

ബരാക് ഒബാമ ഒപ്പുവച്ച ഈ കരാർ തന്റെ ഭരണ സംവിധാനം പരിശോധിച്ച് വരികയാണെന്നും, ഇതിലെ പിഴവുകൾ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാറിലെ നിർദ്ദേശങ്ങൾ ശരിയായ വിധത്തിലുള്ളതല്ലെന്നും ഇത് വേഗത്തിൽ പൊളിച്ചെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഈ നിർദ്ദേശങ്ങൾ പോലും പാലിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാർ പുന:പരിശോധിക്കാൻ അമേരിക്ക ശ്രമം തുടങ്ങിയതായി ദേശീയ സെക്രട്ടറി റെക്സ് ടില്ലേർസൺ വ്യക്തമാക്കിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ വിഷയത്തിലുള്ള പ്രസ്താവന.

ഇറാനെ ഭൂഖണ്ഡാന്തര മിസൈലുകൾ ഉൽപ്പാദിപ്പിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ കമ്മിറ്റി ചെയർമാൻ എഡ് റോയ്സ് വ്യക്തമാക്കിയിരുന്നു. സിഎൻഎൻ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ