വാഷിങ്ടൺ: സുലൈമാനിയെ വധിച്ചത് തീവ്രവാദത്തിന് എതിരെയുള്ള വലിയ സന്ദേശമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുലൈമാനിയെ നേരത്തെ തന്നെ വധിക്കേണ്ടതായിരുന്നെന്നും ട്രംപ്. ഇറാൻ അക്രമം അവസാനിപ്പിക്കാതെ മധ്യേഷ്യയിൽ സമാധാനം ഉണ്ടാകില്ലെന്നും ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം ഇറാഖിലെ അമേരിക്കയുടെ വ്യോമത്താവളത്തിൽ ഇറാൻ അക്രമണം നടത്തിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. എന്നാൽ ഇറാന്റെ വ്യോമാക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. എല്ലാ സൈനികരും സുരക്ഷിതരാണ്. ഇറാന്റെ അക്രമണത്തിൽ വ്യോമതാവളത്തിന് വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഇറാനെതിരായ ഉപരോധം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ്.
“തീവ്രവാദത്തിന് ചുക്കാൻ പിടിക്കുന്ന രാജ്യമാണ് ഇറാൻ. ആണാവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ല. ഇറാന്റെ അഭിവൃദ്ധിയാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഐഎസ് തകർന്നാൽ നേട്ടം ഇറാനാണ്. അമേരിക്കയെ ഭയപ്പെടുത്തുന്ന ഒന്നും അനുവദിക്കില്ല. അമേരിക്കയുടെ മിസൈലുകൾ സൂക്ഷ്മവും കൃത്യവുമാണ്, അത് ഉപയോഗിക്കാൻ താൽപ്പര്യമില്ല,” ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്കയ്ക്കു മുഖമടച്ചു നല്‍കിയ അടിയാണ് ഇറാഖിലെ സൈനിക താവളങ്ങളിലേക്കു നടത്തിയ മിസൈലാക്രമണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ”കഴിഞ്ഞ രാത്രി അമേരിക്കയ്ക്ക് മുഖമടച്ച് അടി നല്‍കി. എന്നാല്‍ ഈ സൈനിക നടപടി പര്യാപ്തമെന്നു കരുതുന്നില്ല. ഇപ്പോള്‍ നമ്മുടെ ഉത്തരവാദിത്തം എന്താണെന്നതാണു പ്രധാന പ്രശ്‌നം. മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കുകയാണു പ്രധാനം. ഇവിടെനിന്ന് അമേരിക്ക വിട്ടുപോകണം,” ഖമേനി പറഞ്ഞു.
ലഫ്റ്റനന്റ് ജനറല്‍ കാസിം സുലൈമാനി ധീരനും കാര്യപ്രാപ്തിയുമുള്ളവനുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നാടായ കോം പ്രവിശ്യയില്‍നിന്നുള്ള ആളുകളെ അഭിസംബോധന ചെയ്ത് ഖമേനി പറഞ്ഞു. യുദ്ധരംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും കാര്യശേഷിയുള്ള ആളായിരുന്നു സുലൈമാനിയെന്നും അദ്ദേഹം പറഞ്ഞു.