വാഷിങ്ടൺ: ഇറാഖിലെ രണ്ട് യുഎസ് താവളങ്ങളിൽ ബുധനാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 80 “അമേരിക്കൻ തീവ്രവാദികൾ” കൊല്ലപ്പെട്ടുവെന്ന് ഇറാൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ മിലിട്ടറി കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ആക്രമണം നടത്തിയത്.

അല്‍ അസദ്, താജി വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് മിസൈലാക്രണം നടത്തിയത്. 15 മിസെെലുകൾ പ്രയോഗിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി യുഎസ് സൈന്യം അറിയിച്ചു.

അതിനിടെ, ഇറാന് ഉടന്‍ തിരിച്ചടി നല്‍കുമെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ”എല്ലാം നല്ലതിനാണ്. ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ട്,” ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങൾക്കു നേരെ ഇറാൻ മിസൈലാക്രണം നടത്തിയശേഷം പുറത്തുവന്ന ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. തങ്ങള്‍ക്ക് നേരെ ഏതു തരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ അമേരിക്കയുടെ ഏതു തിരിച്ചടിയും പശ്ചിമേഷ്യയിലെ യുദ്ധത്തിലേക്കു നയിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേശകന്‍ ഹെസമെദിന്‍ അഷേന ട്വിറ്ററില്‍ വ്യക്തമാക്കി.

വെള്ളിയാഴ്‌ച പുലർച്ചെ ബാഗ്‌ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാഖിലെ അമേരിക്കൻ സെെനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്.

അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികരും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ താജി സൈനികത്താവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്.

പ്രാദേശിക സമയം പുലർച്ചെ 1.20 നാണ് പടിഞ്ഞാറൻ ഇറാഖിലെ അൽ അസാദ് വ്യോമതാവളത്തിൽ ആറ് റോക്കറ്റുകൾ പതിച്ചത്. യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്ന ഇറാഖ് സൈനിക താവളമായ താജി ബേസ് രണ്ട് മണിക്കൂർ കഴിഞ്ഞ് രണ്ടാം ഘട്ട ആക്രമണത്തിൽ തകർന്നു.

കുറഞ്ഞത് 22 മിസൈലുകളെങ്കിലും ഇറാന്‍ പ്രയോഗിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. അല്‍ അസദ് വ്യോമതാവളത്തില്‍ പതിനേഴും എര്‍ബില്‍ താവളത്തില്‍ അഞ്ചും മിസൈലുകള്‍ പതിച്ചു. എന്നാല്‍ ആക്രമണത്തില്‍ ഇറാഖുകാരും കൊല്ലപ്പെട്ടിട്ടില്ലെന്നു ഇറാഖ് സൈന്യം അറിയിച്ചു.

“ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം ഞങ്ങൾ പരിശോധിച്ചു വരികയാണ്,”എന്നായിരുന്നു പെന്റഗൺ വക്താവ് ജോനാഥൻ ഹോഫ്മാൻ പ്രസ്താവനയിൽ പറഞ്ഞത്.  അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്.

Read More: ദുരന്തമായി ഖാസിം സുലൈമാനിയുടെ വിലാപയാത്ര; തിക്കിലും തിരക്കിലും 35 മരണം

ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സുലൈമാനിയെ വധിച്ചതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചു. യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെ, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇന്ന് അഭിസംബോധന ചെയ്യുമെന്ന് ഇറാന്റെ ഔദ്യോഗിക ടെലിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 1.55 ശതമാനം വര്‍ധിച്ച് ബാരലിന് 69.3 ഡോളറായി. സംഘര്‍ഷം ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 20 പൈസയുടെ നഷ്ടം രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook