ഇറാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബാഗ്ദാദില്‍ വച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥനെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇറാന്‍ ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്.

ട്രംപ് അറസ്റ്റിലാകാനുള്ള സാധ്യതയില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലെ സംഘര്‍ഷം വര്‍ദ്ധിക്കുന്നുവെന്നതിനെ അടിവരയിടുകയാണ് ഇറാന്റെ ഈ നീക്കം. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും ഏകപക്ഷീയമായി അമേരിക്ക പിന്‍മാറിയതിനെ തുടര്‍ന്ന് ബന്ധം മോശമായി വരികയായിരുന്നു.

Read Also: കേരളത്തിൽ ചികിത്സയിലുള്ളത് 2057 പേർ, പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ജനുവരി മൂന്നിന് ജനറല്‍ ഖ്വാസിം സുലൈമാനിയെ കൊലപ്പെടുത്തിയ കേസില്‍ ട്രംപിനേയും മറ്റ് 30 ഓളം പേരെയും പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് ടെഹ്‌റാനിലെ പ്രോസിക്യൂട്ടറായ അലി അല്‍ഖാസിമറാണ് പറഞ്ഞത്. കൊലപാതകം, ഭീകരവാദ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതി പട്ടികയിലെ മറ്റുള്ളവരുടെ പേര് ഇറാന്‍ പുറത്ത് വിട്ടിട്ടില്ല. ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് നിലപാടിലാണ് ഇറാന്‍. അതേസമയം, ഇറാന്റെ അഭ്യര്‍ത്ഥനയെ കുറിച്ച് പ്രതികരിക്കാന്‍ ഫ്രാന്‍സിലെ ലിയോണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോള്‍ തയ്യാറായില്ല.

ട്രംപിനും മറ്റുള്ളവരുടേയും മേല്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കാനാണ് ഇറാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന ഏറ്റവും വലിയ അറസ്റ്റ് വാറന്റാണിത്. ഏത് രാജ്യത്തോടാണോ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് അവിടത്തെ പ്രാദേശിക പൊലീസാണ് അറസ്റ്റ് ചെയ്യേണ്ടത്. എന്നാല്‍ ഈ നോട്ടീസ് പ്രകാരം അറസ്റ്റ് ചെയ്യാനോ നാടുകടത്താനോ ഒരു രാജ്യത്തിനുമേലും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുകയില്ല. എന്നാല്‍, കുറ്റാരോപിതന്റെ യാത്രയ്ക്ക് തടസം സൃഷ്ടിക്കാന്‍ കഴിയും.

Read Also: കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം പാല്‍ കറക്കാന്‍ ഓടുന്നു: മുഖ്യമന്ത്രി

ഒരു രാജ്യം അറസ്റ്റിനുള്ള സഹായം തേടുമ്പോള്‍ ഇന്റര്‍പോള്‍ യോഗം ചേര്‍ന്ന് അംഗ രാജ്യങ്ങള്‍ക്ക് ആ വിവരം കൈമാറണമോയെന്ന് തീരുമാനിക്കും. ചില നോട്ടീസുകള്‍ അവര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെങ്കിലും അവയെല്ലാം പരസ്യമാക്കണമെന്ന് നിര്‍ബന്ധമില്ല.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനായിരുന്നു യുഎസ് കൊലപ്പെടുത്തിയ സുലൈമാനി.

Read in English: Iran issues arrest warrant for Trump

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook