രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പ്രമുഖ ഇറാനിയന്‍ നടി തരാനെ അലിദുസ്തി അറസ്റ്റിലായതായി ഇറാനിയന്‍ മാധ്യമങ്ങള്‍. പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഷെക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തരാനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ നടിയായ തരാനെ അലിദുസ്തിയെ അധികൃതര്‍ ശനിയാഴ്ച കസ്റ്റഡിയിലെടുത്തതായി ഐആര്‍എന്‍എയുടെ റിപ്പോര്‍ട്ട് പറഞ്ഞു. നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാള്‍ കളിക്കാര്‍, സിനിമ താരങ്ങള്‍ എന്നിവരെയെല്ലാം ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
സ്റ്റേറ്റ് മീഡിയയുടെ ഔദ്യോഗിക ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് അലിദൂസ്തിയെ അവരുടെ അവകാശവാദങ്ങള്‍ക്ക് അനുസൃതമായി ഒരു രേഖകളും നല്‍കാത്തതിനാലാണ് അറസ്റ്റ് ചെയ്തതെന്നാണ്. പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് മറ്റ് നിരവധി ഇറാനിയന്‍ സെലിബ്രിറ്റികള്‍ക്കും ജുഡീഷ്യറി ബോഡി സമന്‍സ് അയച്ചിട്ടുണ്ടെന്നും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
”അയാളുടെ പേര് മൊഹ്സെന്‍ ഷെക്കാരി എന്നാണ്. ഈ രക്തച്ചൊരിച്ചില്‍ കണ്ടിട്ടും നടപടിയെടുക്കാത്ത എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണ്. ടെഹ്റാനില്‍ ഒരു തെരുവ് തടഞ്ഞതിനും രാജ്യത്തിന്റെ സുരക്ഷാ സേനയിലെ ഒരു അംഗത്തെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതിനും ഇറാന്‍ കോടതി കുറ്റം ചുമത്തിയതിന് ശേഷം ഡിസംബര്‍ 9 ന് ഷെക്കാരിയെ വധിച്ചു”. തരാനെ അലിദുസ്തിയുടെ കുറിപ്പ്.
നവംബറില്‍, സോഷ്യല്‍ മീഡിയയിലെ പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് പ്രശസ്ത ഇറാനിയന്‍ നടിമാരായ ഹെന്‍ഗമേഹ് ഗാസിയാനിയെയും കതയോന്‍ റിയാഹിയെയും അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ ഫുട്ബോള്‍ ടീമിനെ അപമാനിച്ചതിനും സര്‍ക്കാരിനെതിരെ പ്രചരണം നടത്തിയതിനും ഇറാനിയന്‍ ഫുട്ബോള്‍ താരം വോറിയ ഗഫൗരിയും കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. മൂന്നുപേരെയും പിന്നീട് വിട്ടയച്ചു.