ടെഹ്‌റാന്‍: യുക്രെയ്ൻ യാത്രാവിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ഉത്തരവാദികളില്‍ ചിലരെ അറസ്റ്റ് ചെയ്തതായി ഇറാന്‍. കോടതി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മയിലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയതിനു പിന്നാലെയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവന്നത്. മാപ്പ് അര്‍ഹിക്കാത്ത തെറ്റാണു സംഭവിച്ചിരിക്കുന്നതെന്നും സുതാര്യമായ അന്വേഷണമാണു നടക്കുന്നതെന്നും റൂഹാനി പറഞ്ഞു.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണു ടെഹ്‌റാന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ യുക്രെയ്ൻ വിമാനം തകര്‍ന്നുവീണത്. 176 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ശത്രുവെന്ന് കരുതി ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിലാണു വിമാനം തകര്‍ന്നതെന്നു സംഭവത്തിന്റെ തുടക്കം മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യം ആദ്യം നിഷേധിച്ച ഇറാന്‍, അധികം വൈകാതെ വിമാനം വെടിവച്ചിട്ടതാണെന്നും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുമെന്നും ലോകത്തോട് പറഞ്ഞു.

Read Also: നാണംകുണുങ്ങിയില്‍നിന്നു തീപ്പൊരിയിലേക്ക്; ഐഷി പോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍

മിസൈലേറ്റ വിമാനം ആകാശത്തുവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. യാത്രക്കാരെല്ലാം തല്‍ക്ഷണം മരിച്ചു. 82 ഇറാന്‍ സ്വദേശികള്‍ക്കു പുറമെ 57 കാനഡക്കാരും 11 യുക്രെയ്ൻ സ്വദേശികളുമാണു വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്‍ ആദ്യം പറഞ്ഞിരുന്നത്.

വിമാനം ഇറാന്‍ വെടിവച്ചിട്ടതാണെന്ന ശക്തമായ സംശയമുണ്ടെന്ന് അന്നുതന്നെ അമേരിക്കയും ബ്രിട്ടനും കാനഡയും പറഞ്ഞിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് യുക്രെയ്ൻ വിട്ടുകൊടുക്കില്ലെന്നും വിമാനക്കമ്പനി അധികൃതരെ അന്വേഷണത്തില്‍ സഹകരിപ്പിക്കില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനങ്ങളും സംശയത്തിന് ഇടനല്‍കി.

വിമാനം വീഴ്ത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഇറാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയും പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആയിരങ്ങള്‍ അണിനിരക്കുന്ന പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 30 ഓളം പേരെ അറസ്റ്റ് ചെയ്തതായാണു കോടതി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook