ബെംഗളൂരു: പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്ന് പറഞ്ഞ വനിത ഐപിഎസ് ഓഫീസർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പടക്ക നിരോധനത്തെ പിന്തുണച്ച കർണാടകയിലെ ഐപിഎസ് ഓഫീസർ ഡി.രൂപയാണ് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയയായത്.

നവംബർ 14 ന് രൂപ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്നും ഹിന്ദു പുരാണങ്ങളിൽ ഇങ്ങനെയൊരു കാര്യം പരാമർശിച്ചിട്ടില്ലെന്നുമാണ് രൂപ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. പടക്കം പൊട്ടിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ബെംഗളൂരുവിന്റെ ഹരിത ആവരണത്തെയും ബാധിക്കുന്നുവെന്നും വായു മലിനീകരണം വര്‍ധിപ്പിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘വേദകാലത്ത് പടക്കങ്ങൾ ഉണ്ടായിരുന്നില്ല. പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ പടക്കത്തെ കുറിച്ചുള്ള പരാമർശമില്ല. ദീപാവലി ആഘോഷിക്കാൻ വേറെ നിരവധി വഴികളുണ്ട്. വീട്ടിൽ ദീപങ്ങൾ തെളിയിക്കാം, പ്രിയപ്പെട്ടവരെ നേരിൽ കാണാം…എന്നാൽ, ആളുകൾക്ക് വേണ്ടത് പടക്കമാണ്,’ രൂപയുടെ കുറിപ്പിൽ പറയുന്നു.

Read Also: താമര അടയാളത്തിൽ വോട്ട് ചോദിച്ച് കൊറോണ; ഇത് ചെറിയ കളിയല്ല

എന്നാൽ, രൂപ മതാചാരങ്ങളെ ചോദ്യം ചെയ്യുന്നു എന്ന തരത്തിലാണ് പലരും വിമർശനമുന്നയിച്ചത്. ഇന്ത്യയിലെ പ്രചീന ലിഖിതങ്ങളിൽ പടക്കങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന അവകാശവാദവുമായി ‘ട്രൂ ഐഡിയോളജി’ എന്ന ട്വിറ്റർ ഹാൻഡിൽ രംഗത്തെത്തി. ട്രൂ ഐഡിയോളജിയുടെ അവകാശവാദത്തെ രൂപ ചോദ്യം ചെയ്‌തു. ഈ അവകാശവാദത്തിനു എന്താണ് തെളിവെന്ന് രൂപ ഐപിഎസ് മറുചോദ്യമുന്നയിച്ചു.

മണിക്കൂറുകൾക്ക് ശേഷം ‘ട്രൂ ഐഡിയോളജി’ എന്ന ട്വിറ്റർ ഹാൻഡിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടു. ഇതോടെ നടി കങ്കണ റണാവത്ത് അടക്കമുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ ‘ട്രൂ ഐഡിയോളജി’ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രംഗത്തെത്തി.

വിവാദങ്ങൾ കൊടുംപിരി കൊണ്ടുനിൽക്കെ തന്റെ നിലപാട് ആവർത്തിച്ച് രൂപ വീണ്ടും രംഗത്തെത്തി. ട്വിറ്ററിന് അപ്പുറം ഒരു ജീവിതമുണ്ടെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിര്‍മിച്ച നിയമം പാലിക്കണമെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും രൂപ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook