കാൻപൂർ: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഐപിഎസ് ഓഫീസർ ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആന്തരികാവയവങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമായതാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയിലാണ് കാൻപൂർ സിറ്റി പൊലീസ് സൂപ്രണ്ടായിരുന്ന സുരേന്ദ്രകുമാർ ദാസിനെ കാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാലു ദിവസമായി സുരേന്ദ്രകുമാർ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. വിഷം അകത്ത് ചെന്ന് തീർത്തും അവശനിലയിലാണ് കീഴുദ്യോഗസ്ഥൻ സുരേന്ദ്രകുമാറിനെ ഔദ്യോഗിക വസതിയിൽ കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

സുരേന്ദ്രകുമാർ ദാസിന്റെ ഫോണും ലാപ്ടോപ്പും പരിശോധിച്ചതിൽ നിന്ന് ഇദ്ദേഹം നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മരിക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ​ഗൂ​ഗിൾ സെർച്ച് നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ജീവിതം എങ്ങനെ അവസാനിപ്പിക്കാം, കത്തി ഉപയോ​ഗിച്ച് മരിക്കുന്ന വിധം തുടങ്ങിയ കാര്യങ്ങളാണ് സുരേന്ദ്രകുമാർ ദാസ് അന്വേഷിച്ചിരിക്കുന്നത്.

വളരെ നാളുകളായി സുരേന്ദ്ര കുമാർ ദാസ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. തീർത്തും അവശനിലയിലായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ വിദഗ്‌ധ സംഘത്തെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഒന്നും ഫലം കണ്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook