ചെന്നൈ: സിവില്‍ സര്‍വീസസ് പ്രധാന പരീക്ഷയില്‍ കൃത്രിമം കാട്ടാൻ ഭർത്താവിനെ സഹായിച്ചതിന് മലയാളി ഐപിഎസ് ട്രെയിനി ഓഫിസർ സഫീർ കരീമിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്ലൂടൂത്തിലൂടെ സഫീര്‍ കരീമിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തതിനാണ് ഇടുക്കി സ്വദേശിനിയായ ജോയ്സിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സ്വദേശി സഫീര്‍ കരീമിനെതിരെ എഗ്മോര്‍ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.
ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതുന്നതിനിടെയാണ് സഫീർ കൃത്രിമം കാണിക്കുന്നത്. ബ്ളൂടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയ സഫീറിന് ഹൈദരാബാദില്‍നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തിരുനെല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലിചെയ്യുകയായിരുന്നു സഫീര്‍. ഐഎഎസ് മോഹിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷ വീണ്ടുമെഴുതിയത്. 2014 ഐപിഎസ് ബാച്ചുകാരനാണ്.
നേരത്തേ സഫീര്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപ്പാല്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കരീംസ് ലാ എക്സെലന്‍സ് എന്ന പേരില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ നടത്തിയിരുന്നു.