കാൻപൂർ: യുവ ഐപിഎസ് ഓഫിസർ ആത്മഹത്യയ്ക്കു ശ്രമിച്ചു. കാൻപൂർ നഗർ എസ്‌പിയായ സുരേന്ദ്ര കുമാർ ദാസ് ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആത്മഹത്യാ ശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ”ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വിവരം മാത്രമാണ് അറിഞ്ഞത്. വിഷം കഴിച്ചാണോ അതോ മറ്റേതെങ്കിലും രീതിയിലാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ആശുപത്രി റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കുകയാണ്. ആശുപത്രി ബുളളറ്റിൻ പുറത്തുവന്നശേഷമേ യഥാർത്ഥത്തിൽ എന്താണ് ദാസിന് സംഭവിച്ചതെന്ന് അറിയൂ”, ഡിഐജി പ്രവീൺ കുമാർ പറഞ്ഞു.

അതേസമയം, ഐപിഎസ് ഓഫിസറുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഈസ്റ്റ് കാൻപൂർ ജില്ലയിലെ സൂപ്രണ്ട് ഓഫ് പൊലീസാണ് 30 കാരനായ സുരേന്ദ്ര കുമാർ ദാസ്. ഒരു മാസം മുൻപാണ് അദ്ദേഹത്തെ ഇവിടേക്ക് നിയമിച്ചത്. 2014 ബാച്ച് ഐപിഎസ് ഓഫിസറാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയുമാണ്.

അതേസമയം, കുടുംബ പ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. കുറച്ചു നാളുകളായി സുരേന്ദ്ര കുമാർ ചില കാരണങ്ങളാൽ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞതായി വെസ്റ്റ് കാൻപൂർ ജില്ലാ പൊലീസ് മേധാവി സഞ്ജീവ് സുമൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook