ന്യൂഡൽഹി: ദേശീയ ഗുസ്തി താരങ്ങൾ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങൾ നടത്തിയ മാരത്തൺ ചർച്ചയെ തുടർന്നാണ് സമരം നിർത്തിയത്. ഏഴു മണിക്കൂറോളം നീണ്ട ചർച്ചയിൽ കായിക താരങ്ങൾ ഉയർത്തിയ മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ബോക്സിങ് താരം മേരി കോം അധ്യക്ഷയായ ഏഴംഗ സമിതിയെ നിയോഗിച്ചു. സമിതി നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. അന്വേഷണം കഴിയുന്നതുവരെ നിലവിലെ പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ) അധ്യക്ഷ സ്ഥാനത്തുനിന്ന് തത്കാലം മാറിനില്‍ക്കും.
അതേസമയം, ബ്രിജ് ഭൂഷൺ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും ഫെഡറേഷൻ പിരിച്ചുവിടണമെന്ന ഗുസ്തി താരങ്ങളുടെ ആവശ്യത്തിൽ ഐഒഎ മൗനം തുടരുന്നു.
ദേശീയ ക്യാംപുകളില്‍ പങ്കെടുത്ത വനിത താരങ്ങളെ ബ്രിജ്ഭൂഷണ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആരോപണം. ”ദേശീയ ക്യാമ്പുകളില്‍ വനിതാ ഗുസ്തി താരങ്ങളെ പരിശീലകരും ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. ദേശീയ ക്യാമ്പുകളില്‍ നിയമിതരായ ചില പരിശീലകര്‍ വര്‍ഷങ്ങളായി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ട്. ഡബ്ല്യുഎഫ്ഐ പ്രസിഡന്റും ലൈംഗിക പീഡനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്,” വിനേഷ് ഫോഗട്ട് ആരോപിച്ചു.
ദേശീയ ക്യാമ്പുകളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് നിരവധി യുവ ഗുസ്തി താരങ്ങള്‍ തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. തനിക്കറിയാവുന്ന 20 പെണ്‍കുട്ടികളെങ്കിലും ദേശീയ ക്യാമ്പില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.