/indian-express-malayalam/media/media_files/uploads/2018/10/karti.jpg)
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യ, യുകെ, സ്പെയിൻ എന്നിവയിലേതടക്കം 54 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഐഎന്‍എക്സ് മീഡിയ കേസിലാണ് നടപടി.
കൊടൈക്കനാലിലും ഊട്ടിയിലുമുളള സ്വത്തുക്കൾ, ഡൽഹി ജോർബാഗിലെ ഫ്ലാറ്റ്, യുകെയിലെ വീടും കോട്ടേജും, സ്പെയിനിലെ ബാഴ്സലോണയിലുളള ടെന്നിസ് ക്ലബ് എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. അഡ്വന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ചെന്നൈയിലെ ബാങ്കിലുണ്ടായിരുന്ന 90 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റും കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
2007 ൽ പി.ചിദംബരം ധനമന്ത്രിയായിരുന്ന സമയത്ത് ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് 305 കോടിരൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കമ്പനിയെ വഴിവിട്ടു സഹായിച്ചതിന് കാർത്തി ചിദംബരം കോഴ വാങ്ങിയെന്നുമാണ് കേസ്. കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങി ഇടപെടൽ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ഈ കേസിൽ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. പത്തു ലക്ഷത്തിന്റെ ബോണ്ടിൽ ഡൽഹി ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.