ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ 90 ദിവസമായി ചിദംബരം ജയിലിൽ കഴിയുകയാണെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ചിനോട് ആവശ്യപ്പെട്ടു. നമുക്ക് നോക്കാമെന്നായിരുന്നു ഇതിനു ബഞ്ച് നൽകിയ മറുപടി.
കഴിഞ്ഞ വെളളിയാഴ്ച ചിദംബരത്തിന്റെ ജാമ്യാപേക്ഷ തളളിയ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. നവംബർ 27വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി കഴിയുക. ഓഗസ്റ്റ് 21 നാണ് അഴിമതി കേസിൽ സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 5 ന് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റി. ഇതിനുശേഷം പലതവണ ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി നീട്ടി.
Read More: ജയിലിലേക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം വേണം: പി.ചിദംബരം
തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരമിപ്പോൾ ഉള്ളത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിനുള്ളത്. കുടുംബാംഗങ്ങള്‍ അടക്കം ദിവസത്തില്‍ 10 പേര്‍ക്ക് ചിദംബരത്തെ ദിവസവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.