ന്യൂഡല്‍ഹി: ഐ‌എൻ‌എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസറ്റഡിയിലുള്ള മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി. ചിദംബരത്തെ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി. ഡല്‍ഹി സ്‌പെഷ്യല്‍ കോടതിയാണ് അനുമതി നല്‍കിയത്. ഓഗസ്റ്റ് 30 വരെ ചിദംബരം കസ്റ്റഡിയില്‍ തുടരും. നേരത്തെ ഓഗസ്റ്റ് 22 നാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. നാല് ദിവസത്തെ കസ്റ്റഡി ഇന്ന് പൂര്‍ത്തിയായി. ഇതേ തുടര്‍ന്ന് കസ്റ്റഡി നീട്ടി നല്‍കണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ പി.ചിദംബരം നൽകിയ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. സിബിഐ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി അറിയിച്ചു.

അതേസമയം ചിദംബരത്തിന്റെ അറസ്റ്റിനെതിരായ പുതിയ ഹർജി ലിസ്റ്റ് ചെയ്യാത്തതിനാൽ പരിഗണിച്ചില്ല. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാൻഡ് ചെയ്തതിനും എതിരായാണ് പി.ചിദംബരം ഹർജി സമർപ്പിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹർജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി വ്യക്തമാക്കുകയായിരുന്നു.

Also Read: ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്‍റെ വിദേശ നിക്ഷേപത്തിന്‍റെ തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‍സ്‍മെന്റ്

പി. ചിദംബരത്തിന് അർജന്‍റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക സ്പെയിൻ ശ്രീലങ്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ നിക്ഷേപമുള്ളതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് പറഞ്ഞു.

ബുധനാഴ്ച രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. സിബിഐയ്ക്ക് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘവും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook