ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാളെ വരെ കസ്റ്റഡിയിൽ കസ്റ്റഡിയിൽ വാങ്ങാൻ സിബിഐക്ക് കോടതി നിർദേശം നൽകി. തനിക്ക് 74 വയസുണ്ടെന്നും ഇക്കാരണത്താല്‍ സംരക്ഷണം നല്‍കണമെന്നും വീട്ടുതടങ്കല്‍ പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം പരിഗണിച്ചതിനു ശേഷമാണ് തീരുമാനം. എന്നാൽ വീട്ടുതടങ്കൽ എന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
ഇടക്കാല ജാമ്യത്തിനു വേണ്ടി വിചാരണ കോടതിയെ സമീപിക്കാന്‍ ചിദംബരത്തിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സിബിഐ പ്രത്യേക കോടതിക്കു മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നു ജസ്റ്റിസുമാരായ ഭാനുമതി, എ.എ.ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
അതേസമയം ചിദംബരത്തെ തിഹാറിലേക്ക് അയക്കുന്നത് തടഞ്ഞതിനെതിരെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നാളെ തന്നെ പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ കേസ് കോടതി വീണ്ടും പരിഗണിക്കും.
Also Read: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?
മുൻകൂർ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സെപ്റ്റംബർ 5-നാണ് വിധി പറയുക. അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്.
പി.ചിദംബരത്തിന് അർജന്‍റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിക്ഷേപമുള്ളതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ ന്യൂഡൽഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്.